മുൻകൂട്ടി അറിയിക്കാതെ വിമാന സർവ്വീസ് റദ്ദാക്കി; എയർ ഏഷ്യക്കെതിരെ നടപടി

യാത്രക്കാരെ മുൻകൂട്ടി അറിയിക്കാതെ വിമാനം റദ്ദാക്കിയ സംഭവത്തിൽ എയർ ഏഷ്യക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കോടതി. 50,000 രൂപ നഷ്ടപരിഹാര ഇനത്തിലും അധിക യാത്രാചെലവായി 1,900 രൂപയും 10,000 രൂപ കോടതിച്ചെലവായും നൽകാനാണ് കോടതിയുടെ ഉത്തരവ്. മുൻകൂട്ടി അറിയിക്കാതെ സർവ്വീസ് റദ്ദാക്കിയത് കമ്പനിയുടെ സേവനത്തിലെ ന്യൂനതയാണ് തുറന്നുകാണിക്കുന്നതെന്നും കോടതി പരാമർശിച്ചു. വെണ്ണല സ്വദേശികളായ ജോർജ് മാമ്പിളളി, മറിയാമ്മ എന്നിവരാണ് എയർ ഏഷ്യക്കെതിരെ പരാതി നൽകിയത്. വിമാന സർവ്വീസ് റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിക്കാനോ അവർക്കുളള താമസ സൗകര്യവും ഭക്ഷണവും ഒരുക്കുന്നതിനോ കമ്പനി തയ്യാറായില്ല എന്നാണ് പരാതിയിൽ പറയുന്നത്.
മെൽബണിൽ നിന്ന് കൊച്ചിയിലെക്കുളള യാത്രക്കിടയിൽ ക്വലാലംപൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ കൊച്ചിയിലേക്കുളള വിമാനത്തിനായാണ് കാത്തിരുന്നത്. ശാരീരിക വെല്ലുവിളി നേരിടുന്ന പരാതിക്കാരി വിമാനത്താവളത്തിൽ വീൽച്ചെയറിൽ തന്നെ കഴിയേണ്ടി വന്നു. ഉറങ്ങാൻ പോലും ഇവർക്ക് സാധിച്ചില്ല. പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്തവർക്ക് പ്രത്യേക താമസ സൗകര്യവും ഭക്ഷണ സജ്ജീകരണവും ക്രമീകരിക്കണ്ടേത് വിമാന കമ്പനിയാണെന്ന വിലയിരുത്തലും കമ്മീഷൻ മുന്നോട്ട് വെച്ചു. ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ എണാകുളം ജില്ലാ ഉപഭോക്തൃ കോടതിയാണ് എയർ ഏഷ്യക്ക് പിഴ വിധിച്ചത്.
r7t78