ഹിജാബ്; ഹൈക്കോടതി ജഡ്ജിക്കെതിരെ പരാമർശം നടത്തിയ കന്നഡ നടൻ അറസ്റ്റിൽ

കർണാടകയിൽ ഹൈക്കോടതി ജഡ്ജിക്കെതിരെ പരാമർശം നടത്തിയ നടനും മനുഷ്യാവകാശ പ്രവർത്തകനുമായ ചേതൻ കുമാർ അറസ്റ്റിൽ. ഹിജാബ് വിലക്കിനെതിരാെയ ഹർജികൾ കേൾക്കുന്ന ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെതിരായ ട്വീറ്റാണ് അറസ്റ്റിന് കാരണം. ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് ഒരു ബലാത്സംഗക്കേസ് പരിഗണിക്കവെ നടത്തിയ വിവാദ പരാമർശമാണ് ചേതൻ കുമാർ വീണ്ടും ചർച്ചയാക്കിയത്. ബലാംത്സംഗക്കേസിൽ മോശം പരാമർശം നടത്തിയ ജഡ്ജിയാണ് ഹിജാബ് സ്‌കൂളിൽ അനുവദിക്കണോ വേണ്ടയോ എന്ന കേസ് പരിഗണിക്കുന്നത്, അദ്ദേഹത്തിന് ഇതിനാവശ്യമായ വ്യക്തതയുണ്ടെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ചേതൻ കുമാർ ചോദിച്ചത്.
രണ്ട് വർഷം മുന്പത്തെ ബലാത്സംഗക്കേസാണ് നടൻ പരാമർശിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് പ്രതിക്ക് മുൻകൂർ ജാമ്യം നൽകുകയായിരുന്നു. അതിക്രമിക്കപ്പെട്ട ശേഷം പരാതിക്കാരി ഉറങ്ങിപ്പോയത് അസ്വഭാവികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി പ്രതിക്ക് ജാമ്യം അനുവദിച്ചത്. "കൃത്യത്തിന് ശേഷം താൻ ക്ഷീണിതയായി ഉറങ്ങിപ്പോയെന്ന പരാതിക്കാരുടെ വിശദീകരണം ഒരു ഇന്ത്യൻ സ്ത്രീക്ക് നിരക്കാത്തതാണ്. നമ്മുടെ സ്ത്രീകൾ അപമാനിക്കപ്പെടുന്പോൾ പ്രതികരിക്കുന്നത് ഇങ്ങനെയല്ല," ജസ്റ്റിസ് ദീക്ഷിത് മുൻകൂർ ജാമ്യമനുവദിച്ച് കൊണ്ട് പരാമർശിച്ചതിങ്ങനെയാണ്. സംഭവം വിവാദമായതോടെ പരാമർശം വിധി പ്രസ്താവനയിൽ നിന്ന് പിന്നീട് മാറ്റേണ്ടി വന്നിരുന്നു.