സർവീസിലിരിക്കെ മരണപ്പെട്ട പിതാവിന്റെ ജോലിക്ക് വിവാഹിതയായ മകളും അർഹയെന്ന് ത്രിപുര ഹൈക്കോടതി

സർവീസിലിരിക്കെ മരണപ്പെട്ട പിതാവിന്റെ ജോലി വിവാഹിതമായ മകൾക്ക് ലഭിക്കാൻ അർഹതയുണ്ടെന്ന് ത്രിപുര ഹൈക്കോടതി. നേരത്തെ സിംഗിൾ ബെഞ്ച് പ്രഖ്യാപിച്ച വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശെരിവെക്കുകയായിരുന്നു. അഞ്ച് വ്യതസ്ത റിട്ട് ഹർജികൾ പരിഗണിക്കവെയാണ് പിതാവിന്റെ വരുമാനത്തെ ആശ്രയിക്കുന്ന വിവാഹിതയായ മകൾക്ക്, പിതാവ് സർവീസിലിരിക്കെ മരിച്ചാൽ സർക്കാർ ജോലി ലഭിക്കാൻ അർഹതയുണ്ടെന്ന് ഉത്തരവ് ഇട്ടത്.
ഡൈ ഇൻ ഹാർനെസ് പദ്ധതി പ്രകാരം മകൾക്ക് പിതാവിന്റെ ജോലി ലഭിക്കുവാൻ അർഹതയുണ്ടെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. തുടർന്ന് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ ഹർജി നൽകി. എന്നാൽ ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മൊഹന്തിയുടെയും ജസ്റ്റിസ് എസ്.സി ചതോപാധായയുടെയും ബെഞ്ച് ഹർജി തള്ളി. വിവാഹിതയായ മകളെ ഡൈ ഇൻ ഹാർനെസ് ആനുകൂല്യത്തിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനയ്ക്കും ലിംഗസമത്വത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് സർക്കാരിന്റെ ഹർജി തള്ളിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 14 മുതൽ 16 വരെയുളള വകുപ്പുകളുടെ ലംഘനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.