കല്യാണ വീടിന് നേരെ ബോംബെറിഞ്ഞ് യുവാവ് മരിച്ച് സംഭവം; ഒരാൾ അറസ്റ്റിൽ


കണ്ണൂർ തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി അസിസ്റ്റന്റ് കമ്മീഷണർ സി. പി സദാനന്ദൻ. കസ്റ്റഡിയിലുള്ള നാല് പേരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഒരാളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ജിഷ്ണുവിന്റെ സുഹൃത്ത് അക്ഷയ് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവർ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും എ.സി.പി മാധ്യമങ്ങളോട് പറഞ്ഞു.

മൃതദേഹം മാറ്റാൻ വൈകിയതല്ല. പരിക്കേറ്റ് കിടക്കുന്ന ആളുടെ ജീവൻ രക്ഷിക്കാൻ പെട്ടന്ന് ആശുപത്രിയിലെത്തിക്കാറുണ്ട്. എന്നാൽ തലച്ചോർ ചിന്നിച്ചെതറി മരിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അതുകൊണ്ടു തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാതെ മൃതദേഹം അവിടെ നിന്ന് മാറ്റാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. എച്ചൂർ പാതിരിക്കാട് സ്വദേശിയായ സി.എം ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. തോട്ടടയിലെ കൽയാണത്തിൽ‍ പങ്കെടുക്കാൻ കൂട്ടുകാർ‍ക്കൊപ്പം എത്തിയതായിരുന്നു ജിഷ്ണു.

കൽയാണം കഴിഞ്ഞ് വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴുന്ന ആഹ്ലാദപ്രകടനത്തിനിടെ എറിഞ്ഞ ബോംബ് ലക്ഷ്യം തെറ്റിയാണ് ജിഷ്ണുവിന്റെ തലയിൽ കൊണ്ടത്. രണ്ട് ബോംബാണ് എറിഞ്ഞത്. അതിൽ‍ ഒന്നാണ് പൊട്ടിയത്. പൊട്ടാത്ത ഒന്ന് ബോംബ് സ്‌ക്വാഡ് നിർ‍വീര്യമാക്കി. ആദ്യത്തെ ബോംബ് പൊട്ടാത്തതിനെതുടർ‍ന്നാണ് രണ്ടാമത്തെ ബോംബെറിഞ്ഞതെന്നാണ് കരുതുന്നത്.

You might also like

Most Viewed