ബിപിൻ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹങ്ങൾ വഹിച്ചുള്ള വാഹനവ്യൂഹം രണ്ട് തവണ അപകടത്തിൽപ്പെട്ടു

കുനൂർ: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കം 13 പേരുടെ മൃതദേഹങ്ങളും വഹിച്ചു കൊണ്ടുള്ള വാഹനവ്യൂഹം രണ്ടു തവണ അപകടത്തിൽപ്പെട്ടു. തമിഴ്നാട് പൊലീസിൻ്റേയും കരസേനയുടേയും അകമ്പടിയോടെ കൂനൂരിൽ നിന്നും സുലൂരുവിലേക്ക് പുറപ്പെട്ട വാഹനവ്യൂഹത്തിലെ ഒരു ആംബുലൻസ് പൊലീസുകാർ സഞ്ചരിച്ച വാനുമാണ് അപകടത്തിൽപ്പെട്ടത്.
ആദ്യത്തെ അപകടത്തിൽ പൊലീസുകാർ സഞ്ചരിച്ച വാഹനം ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മതിലിൽ ഇടിക്കുകയായിരുന്നു. ഈ അപകടത്തിൽ പത്ത് പൊലീസുകാർക്ക് പരിക്കേറ്റെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനു ശേഷം വാഹനവ്യൂഹം യാത്ര തുടർന്നെങ്കിലും മേട്ടുപാളയത്ത് വച്ച് ഒരു മൃതദേഹവുമായി പോയ ആംബുലൻസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇതേ തുടർന്ന് മൃതദേഹം അടങ്ങിയ പേടകം മറ്റൊരു ആംബുലൻസിലേക്ക് അതിവേഗം മാറ്റിയ ശേഷം വാഹനവ്യൂഹം യാത്ര തുടരുകയായിരുന്നു.
സുലൂരുവിലെ വ്യോമസേനാ താവളത്തിൽ എത്തിച്ച മൃതദേഹങ്ങളിൽ ഉദ്യോഗസ്ഥർ അന്തിമോപചാരം അർപ്പിച്ചു. നൂറുകണക്കിനാളുകളാണ് സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ റോഡിന് ഇരുവശത്തും ഒത്തുകൂടിയത്. പൂക്കൾ വിതറിയും വന്ദേമാതരം വിളിച്ചും സൈനികർക്ക് സല്യൂട്ട് നൽകിയും ജനം അവരെ യാത്രയാക്കി.