പ്ലസ് വൺ പരീക്ഷ റദ്ദാക്കുന്ന വിഷയത്തിൽ ഉടൻ നിലപാട് അറിയിക്കണമെന്ന് കേരള സർക്കാരിനോട് സുപ്രീം കോടതി
ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ റദ്ദാക്കുന്ന വിഷയത്തിൽ സുപ്രീം കോടതി കേരള സർക്കാരിന്റെ വിശദീകരണം തേടി. നാളെ നിലപാട് അറിയിക്കണമെന്നാണ് സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുന്നത്. നിലപാട് അറിയിച്ചില്ലെങ്കിൽ ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന ബോർഡുകൾ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലും നാളെ വിശദമായ വാദം കേൾക്കുമെന്നും അറിയിച്ചു.
നിലപാട് അറിയിക്കാൻ ഒരാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസിൽ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സെപ്റ്റംബർ ആറ് മുതൽ 16 വരെ പ്ലസ് വൺ പരീക്ഷ നടത്താനാണ് സംസ്ഥാന സർക്കാർ തീരുമാനം. കൊറോണയുടെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർത്ഥികളും രക്ഷിതാക്കളും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
രക്ഷിതാക്കളുടെ ഹർജിയിൽ സർക്കാരിന്റെ നിലപാട് ജസ്റ്റിസ് എഎം ഖാൻവിൽക്കർ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തേടിയിരുന്നു. ഇതിലാണ് കൂടുതൽ സമയം സർക്കാർ ആവശ്യപ്പെട്ടത്. കേരളത്തിന് പുറമെ അസം, പഞ്ചാബ്, ത്രിപുര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാത്ഥികൾക്കായി നടത്തുന്ന സംസ്ഥാന ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന ഹർജികളിലും നാളെ വിശദമായ വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി.



