ലക്ഷദ്വീപിലെ സർക്കാർ തസ്തികകൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി ലക്ഷദ്വീപ് ഭരണകൂടം


കൊച്ചി: ലക്ഷദ്വീപിലെ സർക്കാർ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ലക്ഷദ്വീപ് ഭരണകൂടം. ഗ്രാമ വികസന വകുപ്പിനെയും, ഡിആർഡിഎയും ലയിപ്പിക്കാൻ ശുപാർശ നൽകി. കേഡർ റിവ്യൂ ചുമതലയുള്ള സെപ്ഷ്യൽ സെക്രട്ടറി ഒപി മിശ്രയാണ് അഡ്മിനിസ്ടേറ്റർക്ക് റിപ്പോർട്ട് നൽകിയത്. വകുപ്പുകൾ ലയിപ്പിക്കുന്പോൾ ചില തസ്തികകൾ അനിവാര്യമല്ലാതാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡിആർഡിഎയിലെ പ്രൊജക്ട് ഓഫീസർമാർ അടക്കം 35 ഓളം തസ്തികകൾ ആണ് ഭാവിയിൽ ഒഴിവാക്കാൻ ശുപാർശ ചെയ്തിട്ടുള്ളത്. മലയാളം, മഹൽ ഭാഷാ ട്രാൻസിലേറ്റർ തസ്തിക ഇനി വേണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ലക്ഷ ദ്വീപിൽ ജനകീയ പ്രതിഷേധം തുടങ്ങി. സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം. ലക്ഷദ്വീപിലെ ഭരണ പരിഷ്കാരത്തിന്‍റെ ഭാഗമായി കൃഷി,മൃഗ സംരക്ഷണം, ടൂറിസം അടക്കമുള്ള വിവധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ആയിരത്തിലേറെ കരാർ ജീവനക്കാരെയാണ് ഒറ്റയടിക്ക് ഭരണകൂടം പിരിച്ചു വിട്ടത്.

ഓരോ വർഷവും കരാർ പുതുക്കുന്നതായിരുന്നു രീതി. അഡ്മിനിസ്ടേറ്ററുടെ നടപടി നിരവധി പേരുടെ  ജീവതം പ്രതിസന്ധിയിലായത്. ഇതിനിടെ കൃഷി വകുപ്പിൽ 85 ശതമാനം ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി നിയമിക്കാൻ ഭരണകൂടം നടപടി തുടങ്ങി. ഇതോടെ കാർഷിക മേഖലയിലെ പ്രവർത്തനം അവതാളത്തിലാകുമെന്നാണ്  ജീവനക്കാർ പറയുന്നത്. നടപടികളിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ദ്വീപിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഞങ്ങളുടെ തൊഴിൽ തിരിച്ച് തരൂ എന്ന പ്ലക്കാഡ് ഉയർത്തിയാണ് പ്രതിഷേധം. പ്രതിഷേധം തുടരുന്നതിനിടെയാണ് കൂടുതൽ വകുപ്പുകളിൽ ജീവനക്കാരെ കുറയ്ക്കാനുള്ള കടുത്ത നിർദ്ദേങ്ങളുമായി ഭരണകൂടം മുന്നോട്ട് പോകുന്നത്.

You might also like

Most Viewed