അന്ധവിശ്വാസങ്ങളുടെ മറവിൽ കൊറോണ വാക്സിൻ എടുക്കാൻ വിസമ്മതിച്ച് ഒരു ഗ്രാമം

ഗഡാഗ്: കൊറോണ വാക്സിൻ എടുക്കാൻ വിസമ്മതിച്ച് കർണാടകയിലെ 80ഓളം കുടുംബങ്ങൾ. ഗഡാഗ് ജില്ലയിലെ ദാവൽ മാലിക് എന്ന ഗ്രാമത്തിലുള്ളവരാണ് അന്ധവിശ്വാസങ്ങളുടെ മറവിൽ വാക്സിൻ എടുക്കാൻ വിമുഖത കാട്ടുന്നത്.
തങ്ങൾ താമസിക്കുന്നത് ദാവൽ മാലിക് എന്ന വിശുദ്ധന്റെ സ്ഥലത്താണെന്നും, വിശുദ്ധന്റെ ആത്മാവ് നിൽക്കുന്ന ദർഗയും തങ്ങളെ സംരക്ഷിക്കുമെന്നുമാണ് ഇവർ വിശ്വസിക്കുന്നത് .‘ കൊറോണ വൈറസ് ഞങ്ങളുടെ ഗ്രാമത്തിൽ പ്രവേശിക്കില്ല. അത് പ്രവേശിച്ചാലും, നമ്മെ കൊല്ലാൻ കഴിയില്ല, കാരണം ആയിരക്കണക്കിന് ഭക്തരെ ആകർഷിക്കുന്ന ദൈവത്തിനടുത്താണ് നാം ജീവിക്കുന്നത്. എല്ലാ രോഗങ്ങളിൽ നിന്നും ദൈവം നമ്മെ സംരക്ഷിക്കും. അതിനാൽ ഞങ്ങൾ വാക്സിൻ എടുക്കുന്നില്ല. സർക്കാർ ഞങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ല, ”ഇത്തരത്തിലാണ് ഇവിടെയുള്ള ജനങ്ങളുടെ വാദം.
പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ ഗ്രാമീണരെ പ്രേരിപ്പിക്കുന്നത് തങ്ങൾക്ക് വളരെ ബുദ്ധിമുട്ടാണെന്ന് ആരോഗ്യ പ്രവർത്തകരും പറയുന്നു. ബോധവൽക്കരണ പരിപാടികൾ നടത്തി കഴിഞ്ഞ നാല് ദിവസമായി ശ്രമിക്കുന്നുണ്ടെങ്കിലും അവർ വാക്സിൻ എടുക്കുന്നതിൽ മടി കാട്ടുകയാണെന്നും വാക്സിനേഷൻ എടുക്കണമെങ്കിൽ തങ്ങൾക്ക് 25,000 രൂപയുടെ ബോണ്ട് വേണമെന്നുമാണ് ആവശ്യപ്പെടുന്നതെന്നുമാണ് റിപ്പോർട്ടുകൾ.