പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫിനെതിരെ പരാതിയുമായി കൂടുതൽ യുവതികൾ രംഗത്ത്

എറണാകുളം: കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാർട്ടിന്‍ ജോസഫിന് എതിരെ കൂടുതൽ പരാതികൾ ലഭിച്ചു. രണ്ട് യുവതികൾ കൂടി കൊച്ചി സിറ്റി പൊലീസിന് പരാതി നൽകി. മാർട്ടിൻ ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിക്കാർ പറയുന്നു.
മാർട്ടിനെതിരെ പരാതിയുള്ളവർ സമീപിക്കണമെന്ന് പരസ്യം പൊലീസ് നൽകിയിരുന്നു. സാന്പത്തിക ഇടപാടുകളെ കുറിച്ച് അറിയാവുന്നവർ വിവരം കൈമാറണമെന്നാണ് ആവശ്യം. മാർട്ടിനൊപ്പമുള്ള സംഘം സ്ത്രീകൾക്കെതിരെ അതിക്രമം, കള്ളപ്പണ ഇടപാട് എന്നിവ നടത്തിയിരുന്നു. സംഘത്തിലെ കൂടുതൽ ആളുകളെ പിടികൂടുമെന്നും സൂചന. മാർട്ടിന്റെ സാന്പത്തിക വളർച്ചയിൽ പൊലീസ് കമ്മീഷണർ തന്നെ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു.
കണ്ണൂർ സ്വദേശിനി കോസ്റ്റ്യൂം ഡിസൈനറാണ് മാർട്ടിനെതിരെ ആദ്യ പരാതി നൽകിയത്. കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിൽ വച്ചാണ് യുവതിക്ക് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്.
എറണാകുളത്ത് ജോലി ചെയ്യുന്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാർട്ടിനൊപ്പം യുവതി താമസിക്കാൻ തുടങ്ങിയത്. മാർട്ടിന്റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരി മുതൽ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.