കപ്പലിടിച്ച് ബോട്ട് മുങ്ങി: മൂന്ന് പേർ മരിച്ചതായി വിവരം


ബേപ്പൂർ: മംഗലാപുരത്ത് നിന്ന് 51 നോട്ടിക്കൽ മൈൽ അകലെ കടലിൽ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകർന്നു. അഞ്ച് പേരെ സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികൾ കണ്ടെത്തിയിരുന്നു. ഇവരിൽ മൂന്ന് പേർ മരിച്ചതായാണ് വിവരം. രണ്ട് പേരെ തീരസംരക്ഷണ സേനയുടെ കപ്പലിൽ ആശുപത്രിയിലേക്ക് മാറ്റാനുളള ശ്രമം തുടങ്ങി. ബോട്ടിൽ ഒന്പത് പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇവരെ രക്ഷപെടുത്താനുളള ശ്രമം തുടരുകയാണ്.

ബംഗാളിൽ നിന്നുളള ഏഴ് പേരും ബാക്കി തമിഴ്‌നാട്ടിൽ നിന്നുമുളളവരും ആയിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. രാത്രി രണ്ട് മണിക്ക് ശേഷമായിരുന്നു അപകടം. സിംഗപ്പൂരിൽ നിന്നുളള ചരക്ക് കപ്പലാണ് ബോട്ടിൽ ഇടിച്ചത്. ഈ കപ്പൽ അപകടസ്ഥലത്ത് തന്നെ തുടരുന്നുണ്ട്.

ബോട്ടിന്റെ മുക്കാൽ ഭാഗവും വെളളത്തിൽ മുങ്ങിയ നിലയിലാണ്. ക്യാബിനുളളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് ഒൻപത് പേർ. ഇവരെ മറ്റ് മത്സ്യത്തൊഴിലാളികൾക്ക് രക്ഷിക്കാൻ കഴിയാത്ത രീതിയിലാണ്. ഓക്‌സിജൻ ഉൾപ്പെടെയുളള സംവിധാനങ്ങളുടെ സഹായത്തോടെ മാത്രമേ ഇവരെ പുറത്തെടുക്കാൻ കഴിയൂവെന്ന് മത്സ്യത്തൊഴിലാളികളും ബോട്ടുടമയും പറഞ്ഞു. ഇതിനായി തീരസംരക്ഷണ സേനയുടെയും നാവിക സേനയുടെയും സഹായം തേടിയിട്ടുണ്ട്.

ഞായറാഴ്ചയാണ് ബോട്ട് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയത്. ബേപ്പൂർ സ്വദേശി ജാഫറിന്റേതാണ് ബോട്ട് എന്നാണ് ലഭിക്കുന്ന വിവരം. തീരസംരക്ഷണ സേന ഇവർക്ക് വിവരങ്ങൾ സന്ദേശങ്ങളിലൂടെ കൈമാറുന്നുണ്ട്. രാവിലെ ഏഴ് മണിയോടെയാണ് ബോട്ട് അപകടത്തിൽപെട്ട വിവരം ലഭിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed