ജലീലിന്‍റെ രാജി നിൽക്കകള്ളിയില്ലാതായപ്പോഴെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ.ടി ജലീലിന്‍റെ രാജി ധാർമികത ഉയർത്തിപ്പിച്ചാണെന്ന സിപിഎം വാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിൽക്കകള്ളിയില്ലാതെ ജലീൽ രാജിവയ്ക്കുകയായിരുന്നു. മന്ത്രിസ്ഥാനത്ത് അദ്ദേഹത്തെ നിലനിർത്താൻ സിപിഎം പരമാവധി ശ്രമിച്ചു. പാർട്ടി പിന്തുണയിൽ മന്ത്രിസ്ഥാനത്ത് അള്ളിടിച്ചിരിക്കാനാണ് ജലീൽ ശ്രമിച്ചത്. എന്നാൽ ജനവികാരം എതിരാളെന്ന് കണ്ടതോടെ ഒടുവിൽ രാജി പ്രഖ്യാപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബന്ധുനിയമനവും സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെട്ടതും മാർക്ക് ദാനവും ഉൾപ്പടെ മന്ത്രിയുടെ വഴിവിട്ട നടപടികളെല്ലാം പ്രതിപക്ഷം വെളിച്ചത്തുകൊണ്ടുവന്നതാണ്.
എന്നിട്ടും ജലീലിനെ പിന്തുണയ്ക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിച്ചത്. ഒടുവിൽ ലോകായുക്ത മന്ത്രിയെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് ഉത്തരവിട്ട ശേഷവും അദ്ദേഹം അധികാരത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിച്ചു. ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി നേടി മന്ത്രിസ്ഥാനത്ത് തുടരാൻ ശ്രമിച്ച ജലീൽ ധാർമികത ഉയർത്തിയാണ് രാജിയെന്ന് പറയുന്നതിൽ എന്ത് കാര്യമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.