രോഗികൾ നിറഞ്ഞു; മഹാരാഷ്ട്രയിൽ തീവണ്ടി കോച്ചുകൾ കോവിഡ് ഐസൊലേഷൻ വാർഡുകളാക്കി

മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തീവണ്ടി കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി ഇന്ത്യൻ റെയിൽവേ. മഹാരാഷ്ട്ര സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. 21 കോച്ചുകളാണ് ഐസെലേഷൻ വാർഡുകളായി സജ്ജീകരിച്ചത്.
രോഗവ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ആശുപത്രികളും കൊറോണ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതേ തുടർന്നാണ് ചികിത്സയ്ക്കായി കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റണമെന്ന് മഹാരാഷ്ട്ര സർക്കാർ ആവശ്യപ്പെട്ടത്. നന്ദുർബറിലേ ആളുകൾക്കായാണ് ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിരിക്കുന്നത് ഓരോ കോച്ചിലും 16 കിടക്കകൾ വീതം ഉണ്ടാകും.
ആശുപത്രികൾ നിറഞ്ഞതിനാൽ വലിയ ദുരിതമാണ് സംസ്ഥാനത്തെ കൊറോണ രോഗികൾ അനുഭവിക്കുന്നത്. പലയിടങ്ങളിലും സ്ഥലമില്ലാതെ ആശുപത്രി വരാന്തകളിലും മുറ്റത്തുമായാണ് രോഗികളെ ചികിത്സിക്കുന്നത്. മതിയായ ചികിത്സ ലഭിക്കാതെ മരിച്ച സംഭവങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണ രോഗിയായ വൃദ്ധയെ ആശുപത്രിയിലെ കസേരയിലിരുത്തി ചികിത്സിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.