കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുടെ വീടിന് മുന്നിൽ വെച്ച് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സ്ത്രീ മരിച്ചു

ബംഗളൂരു: കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുടെ വീടിന് മുന്നിൽ വെച്ച് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ധാർവാഡ്− ഹുബ്ബള്ളി സ്വദേശിനിയും കർഷക തൊഴിലാളിയായ ശ്രീദേവി വീരണ്ണ കന്നാറാണ് (31) കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പ്രളയത്തിൽ വീടു തകർന്നതിന് ലഭിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്നും കൂടുതൽ ധനസഹായം വേണമെന്നും ചൂണ്ടിക്കാട്ടി ആത്മഹത്യക്കുറിപ്പ് എഴുതിയശേഷമാണ് ഇവർ മന്ത്രിയുടെ വീടിന് മുന്നിലെത്തി വിഷം കഴിച്ചത്. തുടർന്ന് ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീദേവി കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ധനസഹായം ആവശ്യപ്പെട്ട് ധാർവാഡിൽനിന്നുള്ള ലോക്സഭാംഗമായ പ്രഹ്ലാദ് ജോഷിയെ പലതവണ കാണാൻ ശ്രമിച്ചിരുന്നു. ഇതിനായി ഡൽഹിയിലേക്കും ശ്രീദേവി പോയിരുന്നെങ്കിലും കാണാനായിരുന്നില്ല. തുടർന്നാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.