ബോളിവുഡ് താരം രാജീവ് കപൂർ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 58 വയസായിരുന്നു. സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലും രാജീവ് കപൂർ ശ്രദ്ധേയനാണ്.
പ്രശസ്ത നടൻ രാജ് കപൂറിന്റേയും കൃഷ്ണ കപൂറിന്റേയും മകനാണ് രാജീവ് കപൂർ. നടൻ ഋഷി കപൂർ, രൺധീർ കപൂർ എന്നിവർ സഹോദരങ്ങളാണ്. 1983 ൽ പുറത്തിറങ്ങിയ ഏക് ജാൻ ഹേൻ ഹും എന്ന ചിത്രത്തിലൂടെയാണ് രാജീവ് കപൂർ സിനിമയിലെത്തിയത്. പിന്നീട് രാജ് കപൂറിന്റെ അവസാന സംവിധാന സംരംഭമായ രാം തേരി ഗംഗാ മൈലി എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു. ആസ്മാൻ, ലൗബേയ്, സബർദസ്ത്, ഹംതോ ചലേ പർദേശ് എന്നീവയാണ് അദ്ദേഹം അഭിനയിച്ച മറ്റ് പ്രധാന സിനിമകൾ.
1996 ൽ പുറത്തിറങ്ങിയ പ്രേംഗ്രന്ഥ് എന്ന ചിത്രത്തിന് അദ്ദേഹം സംവിധാനം നിർവ്വഹിച്ചു. പ്രേംഗ്രന്ഥിന്റെ നിർമ്മാതാവും അദ്ദേഹം തന്നെയാണ്.