മുംബൈയിൽ ഓട്ടോറിക്ഷാ പെർമിറ്റുകൾ മറാത്തി സംസാരിക്കുന്നവർക്കു മാത്രം

മുംബൈ: മുംബൈ മെട്രൊപ്പൊലിറ്റൻ മേഖലയില്‍ ഓട്ടോറിക്ഷാ പെർമിറ്റുകൾ ഇനി മറാത്തി സംസാരിക്കുന്നവർക്കു മാത്രം. ഒരു ലക്ഷം പുതിയ ഓട്ടോറിക്ഷാ ലൈസൻസുകൾ ആണ് മഹാരാഷ്ട്ര സർക്കാർ നൽകാനൊരുങ്ങുന്നത്. മറാത്തി സംസാരിക്കുകയും കഴിഞ്ഞ 15 വർഷമായി സംസ്ഥാനത്തു താമസിക്കുന്ന സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കുകയും ചെയ്താലേ പെർമിറ്റ് നൽകൂയെന്ന് ശിവസേന നേതാവും ഗതാഗത മന്ത്രിയുമായ ദിവാകർ റൗത്തെ അറിയിച്ചു.
നവംബറോടെ പുതിയ പെർമിറ്റുകൾ നൽകും. ഭാഷ അറിയാത്തവർക്ക് പെർമിറ്റ് നൽകില്ല. അതേസമയം, പെർമിറ്റ് ലഭിച്ചയാൾക്കു പ്രാദേശിക ഭാഷ അറിയണമെന്ന നിയമം ഉണ്ടെങ്കിലും അതു പലപ്പോഴും കർശനമായി പാലിക്കപ്പെടാറില്ല. മാംസാഹാര നിരോധനം പോലെ തന്നെയാണ് ഇതും. നിയമമുണ്ടായിരുന്നു. എന്നാൽ ഒരിക്കലും കർശനമായി പാലിക്കപ്പെട്ടിട്ടില്ല. പൊടുന്നനെയാണ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്, പേരുവെളിപ്പെടുത്താതെ ഉദ്യോഗസ്ഥൻ അറിയിച്ചു.
മുംബൈയുടെ മുൻ മേയറും മണ്ണിന്റെ മക്കൾവാദം ശക്തമായി ഉയർത്തിപ്പിടിക്കുന്നയാളുമാണ് റൗത്തെ. സർക്കാർ ഭാഷയായി മറാത്തി ഉപയോഗിക്കണമെന്നു നിർബന്ധമുള്ളയാളുമാണ് റൗത്തെ. കോണ്‍ഗ്രസ് - എൻസിപി സർക്കാരിന്റെ കാലത്ത് അന്നത്തെ ചീഫ് സെക്രട്ടറിയുടെ ഓഫിസിനു പുറത്ത് എഴുതിവച്ച നെയിംപ്ലേറ്റ് മറാത്തിയല്ലെന്ന കാരണത്താൽ ബലംപ്രയോഗിച്ച് നെയിംപ്ലേറ്റ് മാറ്റിയ ആളാണ് റൗത്തെ.
അതേസമയം, നടപടിക്കെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. തദ്ദേശ തിരഞ്ഞെടുപ്പിനു മറാത്തി വോട്ടുകൾ നേടാനുള്ള രാഷ്ട്രീയ തന്ത്രമാണ് ഇതിനു പിന്നലെന്നുമാണ് ആക്ഷേപം. ഭാഷ, ജാതി, മതവിശ്വാസം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിഭാഗീയ രാഷ്ട്രീയം നടത്തുന്നതിനെ വച്ചുപൊറുപ്പിക്കില്ലെന്ന് മുംബൈ കോൺഗ്രസ് മേധാവി സഞ്ജയ് നിരുപം അറിയിച്ചു.