തപാൽ സ്റ്റാമ്പുകളിൽ നിന്ന് ഇന്ദിരയും രാജീവും പുറത്ത്

ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രിമാരും കോൺഗ്രസ് നേതാക്കളുമായ ഇന്ദിര ഗാന്ധിയുടെയും രാജിവ് ഗാന്ധിയുടെയും മുഖചിത്രമുള്ള പോസ്റ്റല്‍ സ്റ്റാമ്പുകൾ നിർത്തലാക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനം വ്യക്തിപരമായ പകപോക്കലെന്ന് കോൺഗ്രസ്. സർക്കാരിന്റെ പകപോക്കൽ അതിന്റെ ഔന്നത്യത്തിൽ എത്തിയിരിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുരജ്‌വാല കുറ്റപ്പെടുത്തി. മുൻ പ്രധാനമന്ത്രിമാരുടെ പേരിൽ ഏർപ്പെടുത്തിയിരുന്ന രണ്ട് പുരസ്കാരങ്ങളുടെ പേരിലും സർക്കാർ മാറ്റം വരുത്തിയെന്ന് അദേഹം ആരോപിച്ചു. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇവർക്കുപുറമെ, ഹോമി ജെ ഭാഭ, ജെ.ആർ.ഡി. ടാറ്റ, സി.വി. രാമൻ, സത്യജിത് റായ് എന്നിവരുടെയും പേരുകളും ഒഴിവാക്കിയിട്ടുണ്ട്.
ഇന്ദിരയുടെയും രാജീവിന്റെയും ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് 2008 ലാണ് ആദ്യമായി പുറത്തിറക്കിയത്. 'ബിൽഡേഴ്സ് ഓഫ് മോഡേൺ ഇന്ത്യ' എന്ന സീരിസിന്റെ ഭാഗമായാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. എന്നാൽ, ഇതിൽ വ്യത്യാസം വരുത്തി 'മേയ്ക്കേഴ്സ് ഓഫ് മോഡേൺ ഇന്ത്യ' എന്ന സീരീസ് ആരംഭിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇവരുടെ പേരിലുള്ള സ്റ്റാമ്പുകൾ നിർത്തലാക്കാനുള്ള തീരുമാനം. എന്നാൽ, ജവഹർലാൽ നെഹ്റു, മഹാത്മ ഗാന്ധി, ബി.ആർ. അംബേദ്കർ, മദർ തെരേസ എന്നിവരുടെ പേരിലുള്ള സ്റ്റാമ്പുകൾ തുടരാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.
അതേസമയം, ശ്യാമ പ്രസാദ് മുഖർജി, ഡീൻ ദയാൽ ഉപധ്യായ, നേതാജി സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായ് പട്ടേൽ, ശിവജി, മൗലാനാ ആസാദ്, ഭഗത് സിങ്, ജയപ്രകാശ് നാരായൺ, റാം മനോഹർ ലോഹ്യ, സ്വാമി വിവേകാനന്ദൻ, മഹാറാണാ പ്രതാപ് മുതലായവരുടെ പേരിലും പുതിയ സീരീസിന്റെ ഭാഗമായി സ്റ്റാമ്പുകളിറക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ വിവാദമാക്കാൻ ഒന്നുമില്ലെന്നും പുതിയ വ്യക്തികളെ അവതരിപ്പിക്കുന്നതും ചിലരെ ഒഴിവാക്കുന്നതും നാളുകളായി തുടർന്നുവരുന്ന രീതിയാണെന്നും സർക്കാർ വക്താവ് പ്രതികരിച്ചു.