മൻ കി ബാത് നിർത്തണമെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻ കി ബാത് നിർത്തി വക്കണമെന്ന് കോൺഗ്രസ്. ബിഹാറിൽ ഒക്ടോബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത് പരിപാടി നിർത്തിവക്കണമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ബിഹാറിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ സർക്കാർ നയങ്ങളും പരിപാടികളും സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നും മൻ കി ബാത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. അതേ സമയം പരിപാടി നിർത്തി വക്കാൻ ആവശ്യപ്പെടാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പ്രധാനമന്ത്രിയുടെ മൻ കി ബാത് പിരാപാടി തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കും. പരിപാടിയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുമെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. നേരത്തെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുടങ്ങിയവർ മോദിയുടെ മൻ കി ബാത് പരിപാടിക്കെതിരെ രംഗത്തെത്തിയിരുന്നു.