പ്രവാസി വോട്ട്: നിയമഭേദഗതി വൈകിയേക്കും

ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്ക് തങ്ങൾ ജോലിചെയ്യുന്ന രാജ്യത്തുവച്ചുതന്നെ ഇന്ത്യയിലെ മണ്ഡലത്തിൽ വോട്ടുചെയ്യാൻ അവസരമൊരുക്കാനുള്ള നിയമഭേദഗതി വൈകിയേക്കും. കൂടുതൽ പഠനം ആവശ്യമാണെന്നു ധനമന്ത്രി അരുൺ ജയ്‌റ്റ്ലി അധ്യക്ഷനായ മന്ത്രിമാരുടെ സമിതി ഇന്നലെ യോഗം ചേർന്നു വിലയിരുത്തിയതായാണു സൂചന.
അന്യസംസ്‌ഥാനങ്ങളിലേക്കു പോകുന്നവർക്ക് തിരഞ്ഞെടുപ്പിനു സ്വന്തം മണ്ഡലത്തിൽ വോട്ടുചെയ്യാൻ അവസരമൊരുക്കണമെന്ന ആവശ്യത്തെക്കുറിച്ചു പഠിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ സമിതി രൂപീകരിച്ചിരുന്നു. റിപ്പോർട്ട് നൽകാൻ ഇന്നലെവരെയാണ് ഈ സമിതിക്കു സമയം അനുവദിച്ചിരുന്നത്. എന്നാൽ, സമിതി ഒരുതവണ യോഗം ചേർന്നതല്ലാതെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണു സൂചന.
പ്രവാസി ഇന്ത്യക്കാർക്ക് തങ്ങൾ ജോലിചെയ്യുന്ന രാജ്യത്തുവച്ചുതന്നെ ഇന്ത്യയിലെ മണ്ഡലത്തിൽ വോട്ടുചെയ്യാൻ അവസരമൊരുക്കണമെന്ന് ദുബായിൽനിന്നുള്ള ഡോ. വി. പി. ഷംസീർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ഇന്ത്യയിൽ അന്യസംസ്‌ഥാനങ്ങളിൽ ജോലിചെയ്യുന്നവരുടെ പ്രശ്‌നവും ഉന്നയിച്ചിരുന്നു. പ്രവാസികളെ അവർ ജോലിചെയ്യുന്ന രാജ്യത്തുവച്ചുതന്നെ ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അനുവദിക്കാൻ നിയമം ഭേദഗതി ചെയ്യുന്നതിനു കേന്ദ്രസർക്കാർ തീരുമാനിച്ചു.
ഇ–തപാൽ വോട്ടും പകരക്കാരനെ ഉപയോഗിച്ചുള്ള (പ്രോക്‌സി) വോട്ടുമാണു പ്രവാസികൾക്ക് അനുവദിക്കുന്നത്. വിദേശത്തു ജോലിചെയ്യുന്നവർക്ക് ഏർപ്പെടുത്തുന്ന സൗകര്യം സൈനികർക്കും വിദേശരാജ്യങ്ങളിൽ ഇന്ത്യൻ എംബസികളിൽ ജോലിചെയ്യുന്നവർക്കുംകൂടി ലഭ്യമാക്കണമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ ശുപാർശ ചെയ്‌തു. ഈ ശുപാർശയും കേന്ദ്രം അംഗീകരിച്ചു.
എന്നാൽ, നിയമഭേദഗതി സംബന്ധിച്ചു മന്ത്രിസഭയ്‌ക്കായുള്ള കുറിപ്പു പരിഗണിച്ചപ്പോഴാണ് 11 മന്ത്രിമാരുൾപ്പെട്ട സമിതിയെക്കൊണ്ടു പ്രവാസി – സർവീസ് വോട്ടർമാരുടെയും അന്യസംസ്‌ഥാനങ്ങളിലുള്ളവരുടെയും വിഷയം പരിശോധിപ്പിക്കാൻ തീരുമാനമായത്. ഈ സമിതി ഇന്നലെ യോഗം ചേർന്നു. മറ്റു രാജ്യങ്ങളിലെ രീതികൾ കൂടുതൽ പഠിച്ച് കുറ്റമറ്റ രീതി അവലംബിക്കേണ്ടതുണ്ടെന്നാണു യോഗത്തിൽ അഭിപ്രായമുണ്ടായതെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
അന്യസംസ്‌ഥാന വോട്ടർമാരുടെ വിഷയത്തിൽ, അന്യസംസ്‌ഥാന വോട്ടർ എന്നതിന്റെ നിർവചനംതന്നെ സങ്കീർണമായ സംഗതിയാണെന്ന അഭിപ്രായമാണു തിരഞ്ഞെടുപ്പു കമ്മിഷനുള്ളത്. പ്രവാസി വോട്ടറെയും അന്യസംസ്‌ഥാന വോട്ടറെയും ഒരേ ഗണത്തിൽ പെടുത്താനാവില്ലെന്നും അഭിപ്രായമുണ്ട്.
മുപ്പതു കോടിയിലേറെ അന്യസംസ്‌ഥാന വോട്ടർമാരുണ്ടെന്നാണു കമ്മിഷന്റെ ഏകദേശ കണക്ക്. ഇവർക്കായി പുതിയ സംവിധാനമുണ്ടാക്കുന്നതിന്റെ പ്രായോഗികത പരിശോധിക്കേണ്ടതുണ്ട്. പതിനെട്ടംഗ സമിതിയെയാണു കമ്മിഷൻ ഇതിനായി നിയോഗിച്ചിട്ടുള്ളത്.