സംസ്ഥാനത്ത് ഏത് വകുപ്പിന്റെ പക്കലുള്ള ഭൂമിയാണെങ്കിലും ഇനി ഉടമസ്ഥാവകാശം റവന്യൂ വകുപ്പിന്


 

തിരുവനന്തപുരം: ഭൂമി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെതിരെ നിലപാട് കടുപ്പിച്ച് റവന്യൂ വകുപ്പ്. ഏത് വകുപ്പിന്റെ പക്കലുള്ള ഭൂമിയാണെങ്കിലും ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണെന്ന് വ്യക്തമാക്കി വകുപ്പ് പ്രത്യേക ഉത്തരവിറക്കി. സംസ്ഥാനത്ത് പെട്രോള്‍ പന്പുകളോട് ചേര്‍ന്ന് നടപ്പാക്കുന്ന പാതയോര വിശ്രമകേന്ദ്രം പദ്ധതിക്ക് ഭൂമി നല്‍കാൻ റവന്യൂ വകുപ്പിനെ മറികടന്ന് മറ്റു വകുപ്പുകള്‍ ഉത്തരവിറക്കിയിരുന്നു. പതിനാല് ജില്ലകളില്‍ രണ്ട് മുതല്‍ നാല് ഏക്കര്‍ വരെ ഭൂമിയാണ് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പിനെ മറികടന്ന് ഉത്തരവിറക്കിയതെന്നായിരുന്നു ആക്ഷേപം.
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഫയലില്‍ വിയോജനക്കുറിപ്പ് എഴുതി. തുടര്‍ന്നാണ് ഭൂമി വിഷയത്തില്‍ നിലപാട് കടുപ്പിച്ച് റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിറക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ മാത്രം നിക്ഷിപ്തമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഭൂമി ഏതു വകുപ്പിന് കീഴിലാണെങ്കിലും ഭൂമി കൈമാറ്റം സംബന്ധിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കാന്‍ റവന്യൂ വകുപ്പിനു മാത്രമേ അധികാരമുള്ളൂ. ഭൂമി കൈമാറ്റത്തിനു മന്ത്രിസഭയുടെ അനുമതിയോടെ റവന്യൂ വകുപ്പാണ് ഉത്തരവിറക്കേണ്ടത്. എന്നാല്‍ ചട്ടങ്ങളും നിയമങ്ങളും മറികടന്ന് റവന്യൂ വകുപ്പിന്റെ അറിവോ സമ്മതമോ ഇല്ലാതെ പല വകുപ്പുകളും ഭൂമി കൈമാറ്റത്തിനു ഉത്തരവിറക്കുന്നു. നിയമം മറികടന്ന് ഭൂമി കൈമാറ്റത്തിന് ഉത്തരവിറക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed