ഉപാധികളോടെ ചര്‍ച്ചയ്ക്കില്ല; അമിത് ഷായുടെ നിര്‍ദേശം തള്ളി കര്‍ഷകർ


 

ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് അമിത് ഷാ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ തള്ളി കർഷക സംഘടനകൾ. അമിത്ഷാ അഹങ്കാരം ഉപേക്ഷിക്കണമെന്നും എവിടെ സമരം നടത്തണമെന്ന് കർഷകർ തീരുമാനിക്കുമെന്നും സംഘടനകൾ വ്യക്തമാക്കി. ബുറാഡിയിലേക്ക് നീങ്ങിയാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന അമിത് ഷായുടെ നിലപാട് തള്ളി. ബുറാഡിയിലേക്ക് നീങ്ങേണ്ടെന്നും ദില്ലിയുടെ എല്ലാ അതിർത്തികളും വളയാനും കർഷക സംഘടനകൾ തീരുമാനിച്ചു. ഇപ്പോൾ സമരം നടക്കുന്ന സ്ഥലത്തേക്ക് കേന്ദ്രസർക്കാർ വന്നാൽ മാത്രം ചർച്ചയെന്നാണ് കർഷക സംഘടനകളുടെ നിലപാട്.
സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഡൽഹിയുടെ എല്ലാ അതിർത്തികളും വളയാനുള്ള തീരുമാനം. യാതൊരു ഉപാധികളുമില്ലാതെ മാത്രമേ സർക്കാരുമായി ചർച്ച നടത്തൂ എന്നും തീരുമാനമുണ്ട്. കര്‍ഷക രോഷത്തെ തണുപ്പിക്കാന്‍ മാത്രം ചര്‍ച്ച എന്ന നിലപാടാണ് കേന്ദ്രത്തിന്‍റേത്. മൂന്നിന് പ്രതിഷേധക്കാരുമായി ചര്‍ച്ചക്കിരിക്കുമെങ്കിലും താങ്ങുവില എടുത്തു കളയില്ലെന്നതടക്കമുള്ള ഉറപ്പുകള്‍ ആവര്‍ത്തിക്കാനാകും സാധ്യത. പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ പ്രചാരണപരിപാടികള്‍ക്ക് ബിജെപി താഴേ തട്ടിലേക്ക് നിര്‍ദ്ദേശം കൂടി നല്‍കിയതോടെ സര്‍ക്കാര്‍ വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാകുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed