സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകൾ


 

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 115.6 എംഎം മുതല്‍ 204.4 എംഎം വരെയും ഇടുക്കി ജില്ലയില്‍ 204.4 എംഎംൻ മുകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഈ ദിവസങ്ങളില്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസംബര്‍ ഒന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലും ഡിസംബര്‍ രണ്ടിന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ഡിസംബര്‍ മൂന്നിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച്, യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടൽ - മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം പാലിക്കുക
2018, 2019 വര്‍ഷങ്ങളിൽ ഉരുള്‍പൊട്ടൽ - മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയാറെടുപ്പുകള്‍ സ്വീകരിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed