ജമ്മു കശ്മീരിൽ വീണ്ടും പാക് പ്രകോപനം; രണ്ടു ജവാന്മാർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും പാക് പ്രകോപനം. നിയന്ത്രണ രേഖയിൽ പാകിസ്താൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിൽ രണ്ടു ജവാന്മാർ വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിലാണ് പാകിസ്താൻ വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തിയത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പാക് സൈന്യം ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ ദിവസവും കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായിരുന്നു. പൂഞ്ച് ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസർ വീരമൃത്യു വരിച്ചു. കിർണി, കസ്ബ മേഖലകളിലും ഇന്നലെ പാകിസ്താൻ പ്രകോപനം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി അതിർത്തിയിൽ പാക് പ്രകോപനം തുടർന്നു കൊണ്ടിരിക്കുകയാണ്. നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞു കയറാൻ തക്കം പാർത്തിരിക്കുന്ന ഭീകരരെ സഹായിക്കാനാണ് പാകിസ്താൻ പ്രകോപനം സൃഷ്ടിക്കുന്നത്.