തെന്നിന്ത്യയില്‍ നിന്ന് ഒരു താര സുന്ദരികൂടി ബോളിവുഡിലേക്ക്

ഹൈദരാബാദ്: രേഖ,വൈജയന്തി മാല ,ഹേമമാലിനി ,ശ്രീദേവി,ജയപ്രദ എന്നിവരുടെ പിൻഗാമിയായി തെന്നിന്ത്യയില്‍ നിന്ന് ഒരു സുന്ദരി കൂടി ബോളിവുഡിലേക്ക് . തെലുങ്കാനയിൽ നിന്നും അമ്രിൻ ഖുറേഷിയാണ് ബോളിവുഡ് കീഴടക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.
പ്രശസ്ത തെലുങ്കു സിനിമാ നിർമ്മാതാവും സംവിധായകനുമായ സജിത്ത് ഖുറേഷിയുടെ പുത്രിയായ അമ്രിൻ ഖുറേഷി ഹിന്ദി സിനിമയിലെ പ്രമുഖനായ സംവിധായകൻ രാജ് കുമാർ സന്തോഷിയുടെ "ബാഡ് ബോയ് "എന്ന സിനിമയിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം നടത്തുന്നത് .തെലുങ്കിൽ വൻവിജയം നേടിയ "സിനിമാ ചൂപിസ്ത മാവ " എന്ന സിനിമയുടെ ഹിന്ദി പുനരാവിഷ്ക്കാരമാണ് ഈ ചിത്രം . മിഥുൻ ചക്രവർത്തിയുടെ പുത്രൻ നമാഷ് ചക്രവർത്തിയാണ് അമ്രിന്റെ നായകൻ . നമാഷിന്റേയും അരങ്ങേറ്റ ചിത്രമാണ് " ബാഡ് ബോയ് ".
ഈ സിനിമയുടെ ചിത്രീകരണം ജനുവരിയിൽ തുടങ്ങുമെന്ന ഔദ്യോദിക പ്രഖ്യാപനം വന്നതോടെ മറ്റൊരു ഹിന്ദി ചിത്രത്തിലും അമ്രിൻ ഖുറേഷി നായികയായി കരാർ ചെയ്യപ്പെട്ടു കഴിഞ്ഞു . അല്ലു അർജ്ജുന്റെ ബ്ലോക്ക് ബസ്റ്റർ സിനിമ " ജൂലൈ "യുടെ ഹിന്ദി പുനരാവിഷ്ക്കരമായ പേരിടാ ചിത്രമാണ് അമ്രിൻ നായികയാവുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രം . അന്തോണി ഡി സൂസയാണ് സംവിധായകൻ. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും അഭിനയിക്കാൻ മോഹമെന്നാണ് അമ്രിൻ ഖുറേഷി പറയുന്നത്.