രാജ്യത്ത് പുതുതായി ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ കേസുകളിൽ 60 ശതമാനവും കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങിളിൽ നിന്നെന്ന് കണക്കുകൾ. 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത 44,489 കേസുകളിൽ 60.7 ശതമാനവും ആറു സംസ്ഥാനങ്ങളിൽ നിന്നാണ്.
ഇതിൽ ഏറ്റവും അധികം കേസുകൾ ഒറ്റദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയും മൂന്നാം സ്ഥാനത്ത് ഡൽഹിയുമാണ്. 10 ലക്ഷത്തിൽ 29,169 പേരാണ് ഡൽഹിയിൽ കൊറോണ ബാധിതരായത്. കേരളത്തിൽ ഇത് 16,201 ഉം മഹാരാഷ്ട്രയിൽ 14,584 ഉം ആണ്.
രാജ്യത്ത് ഒറ്റ ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 524 മരണങ്ങളിൽ 60.5 ശതമാനം ഡൽഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ്. ഡൽഹിയാണ് ഏറ്റവും അധികം കൊറോണ മരണ നിരക്ക് റിപ്പോർട്ട് ചെയ്ത സംസ്ഥാനം. ഡൽഹിയിൽ ഇതുവരെ 8700 പേർക്ക് കൊറോണയെ തുടർന്ന് ജീവൻ നഷ്ടമായി.