ഉത്തര്‍പ്രദേശില്‍ ആറ് മാസത്തേക്ക് സമരങ്ങൾക്ക് നിരോധനം
ലഖ്നൗ: സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലും കോർപ്പറേഷനുകളിലും ആറുമാസത്തേക്ക് സമരങ്ങൾ നിരോധിച്ചു കൊണ്ട് എസൻഷ്യൽ സർവ്വീസസ് മെയിന്റനൻസ് ആക്ട് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2021 മെയ് മാസം വരെയാണ് സമരങ്ങൾക്ക് നിരോധനം. ഗവർണർ ആനന്ദീബെൻ പട്ടേലിൽ നിന്നും അനുമതി വാങ്ങിയ ശേഷമാണ് ഉത്തർപ്രദേശിൽ യോഗി സർക്കാർ എസ്മ പ്രഖ്യാപിച്ചത്.
എസ്മ ലംഘിച്ച് സമരത്തിന് ആഹ്വാനം ചെയ്യുന്നത് നിയമ വിരുദ്ധമാണ്. നിയമ ലംഘകർക്ക് ഒരു വർഷം വരെ തടവോ ആയിരം രൂപ പിഴയോ ഇത് രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. നിയമം ലംഘിക്കുന്ന ആരേയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും പോലീസിന് ഉണ്ടായിരിക്കും. നേരത്തെ മെയ് മാസത്തിലും യോഗി സർക്കാർ എസ്മ പ്രാബല്യത്തിൽ വരുത്തിയിരുന്നു. അതേസമയം സംസ്ഥാന തലസ്ഥാനമായ ലക്‌നൗവിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. സിസംബർ ഒന്നു വരെയാണ് നിരോധനാജ്ഞയുടെ കാലാവധി.

