പിഎം കെയറിൽ അഞ്ച് ദിവസത്തിനുള്ളിൽ എത്തിയത് 3,076 കോടി രൂപ
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ധനസമാഹരണത്തിന് രൂപീകരിച്ച പിഎം കെയര്‍ ഫണ്ടിലേക്ക് അഞ്ച് ദിവസത്തിനുള്ളിൽ എത്തിയത് 3,076 കോടി രൂപ. ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2020 സാമ്പത്തിക വർഷത്തിൽ മാർച്ച് 27 നും 31 ഇടയിലുള്ള സംഭാവനകളാണ് പുറത്തുവന്നിരിക്കുന്നത്. ആകെ ലഭിച്ച സംഭാവനയിൽ 3,075.85 കോടി രൂപ തദ്ദേശീയരില്‍ നിന്നും 39.67 ലക്ഷം വിദേശത്തുനിന്നും ലഭിച്ചതാണ്.
പ്രാരംഭ തുകയായി 2.25 ലക്ഷം ഫണ്ടിലുണ്ടായിരുന്നു. ഫണ്ടിന് ഏകദേശം 35 ലക്ഷത്തോളം പലിശയായി ലഭിച്ചുവെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഡിറ്റ് രേഖ പിഎം കെയര്‍ ഫണ്ടിന്‍റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിലും ഒന്ന് മുതല്‍ ആറ് വരെയുള്ള കുറിപ്പുകള്‍ പരസ്യമാക്കിയിട്ടില്ല. ഫണ്ടിലേക്ക് സംഭാവന ചെയ്ത ആഭ്യന്തര-വിദേശ ദാതാക്കളുടെ വിവരമാണ് ഈ കുറിപ്പിലുള്ളത്. ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയവരുടെ പേരുകൾ എന്തിനാണ് മറച്ചുവയ്ക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം ചോദ്യം ഉന്നയിച്ചു. എല്ലാ എൻജിഒകളും ട്രസ്റ്റുകളും ഒരു പരിധിയിൽ കൂടുതൽ സംഭാവന ചെയ്യുന്നവരുടെ പേരുകൾ വെളിപ്പെടുത്താൻ ബാധ്യസ്ഥരാണ്. പ്രധാനമന്ത്രി കെയർ ഫണ്ട് ഈ ബാധ്യതയിൽ നിന്ന് ഒഴിവാക്കുന്നത് എന്തുകൊണ്ടാണ്-ചിദംബരം ചോദിച്ചു.

