രാജസ്ഥാൻ കോൺഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമം; സച്ചിൻ പൈലറ്റ് തിരിച്ചെത്തി

ജയ്പുർ: രാജസ്ഥാൻ കോൺഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിച്ചു. കോണ്‍ഗ്രസ് ക്യാന്പിന് ആശ്വാസം പകർന്ന് പുറത്താക്കപ്പെട്ട സച്ചിന്‍ പൈലറ്റ് പാർട്ടിയിൽ തിരിച്ചെത്തി. രാഹുൽ ഗാന്ധി-സച്ചിൻ പൈലറ്റ് കൂടിക്കാഴ്ചയിലാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമായത്. പാർട്ടി താൽപര്യം മുൻനിർത്തി പ്രവർത്തിക്കുമെന്ന് സച്ചിൻ പൈലറ്റ് അറിയിച്ചു. സച്ചിൻ പൈലറ്റ് ഉയർത്തിയ പ്രശ്നങ്ങൾ പരിശോധിക്കാൻ മൂന്നംഗസമിതിയെയും കോൺഗ്രസ് പാർട്ടി നിയോഗിച്ചു.
നേരത്തേ, രാഹുൽ ഗാന്ധിയുടെ വസതിയിലാണ് സച്ചിൻ അദ്ദേഹത്തെ കണ്ടത്. പിന്നാലെ പ്രിയങ്ക ഗാന്ധിയുമായും സച്ചിൻ കൂടിക്കാഴ്ച നടത്തി. അതേസമയം, വെള്ളിയാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും പാർട്ടിയിലേക്ക് തിരിച്ച് എത്തുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിനെതിരേ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.