വിദ്യാര്‍ത്ഥികളുമായി സംവദിച്ച് മോദി


ദില്ലി: സാമൂഹ്യബോധവും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ധ്യാപകദിനത്തില്‍ ദില്ലിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു മോദി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദില്ലി സര്‍വ്വോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അദ്ധ്യാപകനായെത്തി.

എട്ട് സംസ്ഥാനങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആള്‍ക്കാര്‍ക്കിടയില്‍ ചീത്തപ്പേരുണ്ടെന്നും ഇതവസാനിപ്പിക്കാന്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ ഈ രംഗത്തേക്ക് കടന്നുവരണമെന്ന് മോദി ആവശ്യപ്പെട്ടു.

മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ കുട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുത്. വിദ്യാര്‍ത്ഥികള്‍ റോബോട്ടുകളാകാതിരിക്കാന്‍ ശ്രദ്ധ വേണമെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഇഷ്ടകായികവിനോദമേതാണെന്ന ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മോദി നല്‍കിയ മറുപടി സദസില്‍ ചിരി പടര്‍ത്തി. മോദിയുടെ മറുപടി ഇങ്ങനെ, 'എനിക്കിഷ്ടപ്പെട്ട വിനോദമേതാണെന്നാണ് ചോദിച്ചത് ,രാഷ്ട്രീയക്കാര്‍ക്ക് ഇഷ്ടമുളള കളിയേതെന്ന് എല്ലാവര്‍ക്കും അറിയാം'

ഒന്നര മണിക്കൂര്‍ നീണ്ട സംവാദത്തില്‍ പുതിയ ട്രെന്‍ഡായി മാറിയ മോദി കുര്‍ത്തകളെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ നിന്ന് ചോദ്യങ്ങളുണ്ടായി. രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രം എന്ന വിഷയത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രസിഡന്റ് എസ്റ്റേറ്റിലുള്ള സര്‍വ്വോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു. കേരളത്തിലുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍ പ്രധാനമന്ത്രിയുടെ സംവാദവും രാഷ്ട്രപതിയുടേയും ക്ലാസും തല്‍സമയം കാണിച്ചു.

You might also like

  • Straight Forward

Most Viewed