ലോക്ക് ഡൗൺ: ട്രെയിൻ, വിമാന സർവീസുകൾ മെയ് മൂന്നിന് ശേഷം

ദൽഹി
കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ വിമാന, ട്രെയിൻ സർവീസുകളും മെയ് മൂന്നിന് ശേഷം മാത്രമേ പുനരാരംഭിക്കൂ. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗൺ നീട്ടിയത് പ്രഖ്യാപിച്ചതോടെ ബന്ധപ്പെട്ട വകുപ്പുകൾ ഇക്കാര്യം വ്യക്തമാക്കി.
ഇന്ത്യൻ റെയിൽവേയുടെ എല്ലാ പാസഞ്ചർ, പ്രീമിയം, മെയിൽ/ എക്സ്പ്രസ്, സബർബൻ കൊൽക്കത്ത മെട്രോ, കൊങ്കൺ റെയിൽവേ എന്നിവയെല്ലാം മെയ് മൂന്ന് അർധരാത്രിവരെ അടച്ചിടൽ തുടരുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. വിമാന സർവീസുകൾ നിർത്തിവച്ചത് തുടരുമെന്ന് വ്യോമയാന മന്ത്രാലയവും അറിയിച്ചു.
രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇന്ന് രാവിലെയാണ് ഉണ്ടായത്. നാളെ മുതൽ ഒരാഴ്ച കർശന നിയന്ത്രണം ഉണ്ടാവും. കൊവിഡ് ബാധിത പ്രദേശങ്ങൾക്ക് യാതൊരു ഇളവും അനുവദിക്കില്ല. ഏപ്രിൽ 20 വരെ നിയന്ത്രണങ്ങൾ കടുപ്പിക്കും. പ്രദേശങ്ങൾ ഒറ്റപ്പെടുത്തി നിയന്ത്രിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.