ലോക്ക് ഡൗൺ ലംഘിച്ചത് ചോദ്യം ചെയ്ത പോലീസുകാരന്റെ കൈ വെട്ടി

പട്യാല: പഞ്ചാബിലെ പട്യാലയിൽ ലോക്ക് ഡൗൺ ഡ്യൂട്ടിക്കിടെ പൊലീസിന് നേരെ ആക്രമണം. കർഫ്യൂ പാസ് കാണിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഒരു സംഘം ആളുകൾ പൊലീസിനെ ആക്രമിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കൈക്ക് വെട്ടേറ്റു. മൂന്നു പൊലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
പട്യാലയിലെ സനൗർ പച്ചക്കറി ചന്തയിൽ വച്ചാണ് ആക്രമണമുണ്ടായത്. ലോക്ക് ഡൗൺ ലംഘിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.
ആക്രമിസംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഹർജീത് സിംഗ് എന്ന പൊലീസ് ഓഫീസറുടെ കയ്യിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് പഞ്ചാബിൽ ലോക്ക് ഡൗൺ മെയ് ഒന്നു വരെ നീട്ടിയിരിക്കുകയാണ്.