മനുഷ്യർക്ക് ജീവിക്കാൻ പോലും നിർവാഹമില്ല, ഇതിനിടെ ക്രിക്കറ്റിനെന്ത് പ്രസക്തി: ഗാംഗുലി


കൊൽക്കത്ത: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നീട്ടിവച്ച ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ.പി.എൽ) 13-ാം പതിപ്പ് പുനഃരാരംഭിക്കാനുള്ള സാധ്യതകളെക്കുറിച്ച് ചോദിക്കുന്നവർക്ക് ചുട്ടമറുപടിയുമായി ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. മനുഷ്യർക്ക് ജീവിക്കാൻ പോലും നിർവ്വാഹമില്ലാത്ത ഇപ്പോഴത്തെ സാഹചര്യത്തിൽ കായിക മത്സരങ്ങൾക്ക് എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് ഗാംഗുലി ചോദിച്ചു. ഈ വർഷം ഐ.പി.എൽ നടക്കാനുള്ള എല്ലാ സാധ്യതകളും തള്ളിക്കളയുന്നതാണ് ഗാംഗുലിയുടെ വാക്കുകൾ. ഈ വർഷം മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐ.പി.എൽ, കൊറോണ ഭീതിയെ തുടർന്ന് ഏപ്രിൽ 15ലേക്ക് നീട്ടിയിരുന്നു.

ഞങ്ങൾ സാഹചര്യങ്ങൾ വിലയിരുത്തി വരികയാണ്. ഇപ്പോഴത്തെ അവസ്ഥയിൽ ഒന്നും പറയാനാകില്ല. അല്ലെങ്കിലും എന്തു പറയാനാണ്? വിമാനത്താവളങ്ങൾ ഇപ്പോഴും അടഞ്ഞുകിടക്കുന്നു, ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നില്ല, ഓഫിസുകളും അടച്ചുപൂട്ടിയിട്ടിരിക്കുന്നു, ആളുകൾക്ക് ഒരിടത്തേക്കും പോകാൻ നിർവ്വാഹമില്ല. ഇതെല്ലാം കുറഞ്ഞത് മേയ് പകുതിവരെയെങ്കിലും ഇങ്ങനെ തന്നെ തുടരാനാണ് എല്ലാ സാധ്യതയും’  ഗാംഗുലി ചൂണ്ടിക്കാട്ടി.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു വിധത്തിലുമുള്ള കായികമത്സരങ്ങൾക്ക് പ്രസക്തിയില്ലെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ‘ഈ അവസ്ഥയിൽ എവിടെ നിന്നാണ് കളിക്കാൻ താരങ്ങളെ കിട്ടുക? കളിക്കാർ സന്നദ്ധരാണെങ്കിൽ തന്നെ അവരെങ്ങനെ യാത്ര ചെയ്യും? ഇപ്പോഴത്തെ സാഹചര്യത്തിൽ ലോകത്ത് ഒരു വിധത്തിലുമുള്ള കായിക മത്സരങ്ങൾക്ക് പ്രസക്തിയില്ലെന്ന് മനസ്സിലാക്കാൻ സാമാന്യബോധം മതി. തൽക്കാലം ഐപിഎൽ മറന്നുകളയുക’ ഗാംഗുലി പറ‍ഞ്ഞു.കായികമത്സരങ്ങൾക്ക് എന്ത് ഭാവിയെന്നും ഗാംഗുലി ചോദിച്ചു.

You might also like

  • Straight Forward

Most Viewed