ട്രംപിനെ സ്വീകരിക്കാൻ മോദി അഹമ്മദാബാദിലേക്ക് പുറപ്പെട്ടു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെ സ്വീകരിക്കാനായി അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെയാണ് മോദി അഹമ്മദാബാദിലേക്ക് തിരിച്ചത്. ട്രംപ് ഇന്ന് 11.40ന് അഹമ്മദാബാദ് സർദാർ വല്ലഭ്ഭായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. രണ്ടുദിവസത്തെ സന്ദർശനത്തിനെത്തുന്ന ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകൾ ഇവാങ്ക, ഇവാങ്കയുടെ ഭർത്താവ് ജാരേദ് കുഷ്നെർ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും എത്തുന്നുണ്ട്.
അമേരിക്കൻ പ്രസിഡണ്ടായശേഷം ആദ്യമായാണ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്നത്. ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ഏഴാമത്തെ അമേരിക്കൻ പ്രസിഡണ്ടാണ് ട്രംപ്.അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് ആരംഭിക്കുന്ന 22 കിലോമീറ്റർ റോഡ്ഷോയിൽ ട്രംപും മോദിയും പങ്കെടുക്കും.