വിവാഹം കഴിഞ്ഞ് വധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാണാതായ വരൻ മരിച്ചനിലയിൽ

ലഖ്നൗ: വിവാഹം കഴിഞ്ഞ് വധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാണാതായ വരനെ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബരേലിയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. മീററ്റിലെ ഒരു പെട്രോൾ പമ്പ് ജീവനക്കാരനായ ദുഷ്യന്ത് ഗിരി(22)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ചയാണ് ദുഷ്യന്തും ബരേലി സ്വദേശിയായ ആശയും തമ്മിലുള്ള വിവാഹം നടന്നത്. വധുവിനെയും കൂട്ടി ചൊവ്വാഴ്ച വരനും കൂട്ടരും ദുഷ്യന്തിന്റെ വീട്ടിലേക്ക് യാത്രതിരിച്ചു. യാത്രയ്ക്കിടെ വഴിയിലെ ഒരു ഭക്ഷണശാലയിൽ വിവാഹപാർട്ടി ഭക്ഷണം കഴിക്കാനായി കയറി. ഇതിനിടെയാണ് ദുഷ്യന്തിനെ കാണാതായത്.
ചായ ഓർഡർ ചെയ്തതിന് ശേഷം ദുഷ്യന്തിനെ പെട്ടെന്ന് കാണാതായെന്നാണ് സഹോദരൻ ശിവ്യന്ത് പറഞ്ഞത്. ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും വധുവായ ആശയെ അവരുടെ വസതിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭക്ഷണശാലയ്ക്ക് രണ്ട് കിലോമീറ്ററിനപ്പുറം ആളൊഴിഞ്ഞ സ്ഥലത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും തൂങ്ങിമരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. അതേസമയം, ആശയുടെ ബന്ധുക്കൾ പോസ്റ്റുമോർട്ടത്തിന് എതിർപ്പറിയിച്ചതും പോലീസ് നടപടി വേണ്ടെന്ന് ആവശ്യപ്പെട്ടതും സംശയത്തിനിടയാക്കിയിട്ടുണ്ട്. ദുഷ്യന്ത്− ആശ വിവാഹത്തിന് ഇരുവരുടെയും ബന്ധുക്കൾക്ക് താൽപര്യമില്ലായിരുന്നുവെന്നാണ് വിവരം. വിവാഹം കഴിക്കുമെന്ന തീരുമാനത്തിൽ ഇവർ ഉറച്ചുനിന്നതോടെ വീട്ടുകാരും ബന്ധുക്കളും സമ്മതം മൂളുകയായിരുന്നു. ദുഷ്യന്തിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് ആശയുടെ ആരോപണം. വിവാഹദിവസവും പിറ്റേന്നും വളരെ സന്തോഷവാനായിരുന്ന ദുഷ്യന്ത് ഒരിക്കലും ജീവനൊടുക്കില്ലെന്നും അവർ പറഞ്ഞു. സംഭവത്തിൽ പോലീസിന്റെ അന്വേഷണം തുടരുകയാണ്.