കേജരിവാളിന്‍റെ സത്യപ്രതിജ്ഞചടങ്ങിൽ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എത്തില്ല; ക്ഷണിക്കുന്നില്ലെന്ന് എ.എ.പി


ന്യൂഡൽഹി: ഹാട്രിക് വിജയം നേടി അധികാരത്തിലെത്തിയ കേജരിവാളിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആരുമുണ്ടാകില്ല. ഇതരസംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കൾക്കും ചടങ്ങിലേക്ക് ക്ഷണമില്ല. ആം ആദ്മി പാർട്ടി കൺ‌വീനർ ഗോപാൽ‌ റായ് ആണ് ഇക്കാര്യം പറഞ്ഞത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി തുടങ്ങിയവർ സംബ ന്ധിക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാൽ രാഷ്ട്രീയ നേതാക്കളെയാരെയും ക്ഷണിക്കേണ്ടെന്ന നിലപാടിലാണ് എ.എ.പി ഇപ്പോൾ. രാം ലീല മൈ താനത്ത് ഞായറാഴ്ച രാവില 10നാണ് സത്യപ്രതിജ്ഞ. ചടങ്ങിലേക്ക് ഡൽഹി ജനതയെ ഒന്നടങ്കം ക്ഷണിച്ചിട്ടുണ്ട്. ഡൽഹി ജനതയെ മുഴുവൻ അവരുടെ പുത്രൻ കേജരിവാളിനെ അനുഗ്രഹിക്കുന്നതിനായി സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുന്നു എന്നാണ് പാർട്ടി നേതാവ് മനീഷ് സിസോദിയ പറഞ്ഞത്. പാർട്ടി നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കേജരിവാൾ ബുധനാഴ്ച ഡൽഹി ലെഫ്. ഗവർണർ അനിൽ ബൈജാലിനെ കണ്ടു. 15 മിനിറ്റ് നേരം നീണ്ട കൂടിക്കാഴ്ചയിൽ സത്യപ്രതിജ്ഞ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി അരവിന്ദ് കേജരിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed