കോളേജ് അദ്ധ്യാപികയെ തീകൊളുത്തി കൊന്ന സംഭവം; പ്രതിഷേധം അക്രമാസക്തം

മുംബൈ: മുൻ കാമുകൻ പെട്രോൾ ഒഴിച്ചു കത്തിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോളേജ് അദ്ധ്യാപിക അങ്കിത പിസ്സുഡെ (25)യുടെ മരണത്തിൽ പ്രതിഷേധം. പ്രതിക്കു വധശിക്ഷ ആവശ്യപ്പെട്ടു നാട്ടുകാർ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി. കേസിലെ വിചാരണ സംസ്ഥാന സർക്കാർ അതിവേഗ കോടതിക്കു കൈമാറി.
അധ്യാപികയുടെ മൃതദേഹം സ്വദേശമായ വാർധയിൽ എത്തിച്ചപ്പോൾ തടിച്ചുകൂടിയ ജനം. പലയിടത്തും നാട്ടുകാർ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി, ചിത്രം: പി.ടി.ഐ. യുവതിയുടെ സഹോദരന് സർക്കാർ ജോലി നൽകുമെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചു. മുംബൈയിലെ പ്രമുഖ പൊള്ളൽചികിത്സാ വിദഗ്ധനായ സുനിൽ കേസ്‍വാനിയെ സർക്കാർ വാർധയിൽ എത്തിച്ചു ചികിൽസാ മേൽനോട്ടത്തിനു ചുമതലപ്പെടുത്തിയിരുന്നു. യുവതിയെ രക്ഷിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തിയെന്നും എന്നാൽ വിധി എതിരായെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കേസിൽ മുതിർന്ന അഭിഭാഷകൻ ഉജ്ജ്വൽ നികമിനെയാണു സർക്കാർ പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിച്ചിരിക്കുന്നത്. 1993 മുംബൈ സ്ഫോടന പരമ്പര, 26/11 മുംബൈ ഭീകരാക്രമണം, പ്രമോദ് മഹാജൻ വധം, ഗുൽഷൻകുമാർ വധം എന്നിവയടക്കം പ്രമാദമായ കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ഉജ്ജ്വൽ നികം.
“അതീവ ദുഃഖമുണ്ട്. സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണവും വിചാരണയും അതിവേഗം പൂർത്തിയാക്കുംവിധമുള്ള നിയമ നിർമ്മാണത്തെക്കുറിച്ച് സർക്കാർ ആലോചിക്കുകയാണ്.” മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. എന്റെ മകൾ കഴിഞ്ഞ ഒരാഴ്ചയായി അനുഭവിച്ച വേദനയ്ക്കു സമാനമായ വേദനയിലൂടെ പ്രതിയും കടന്നുപോകണം. എത്രയും വേഗം നീതി നടപ്പാക്കണം. നിർഭയ കേസിലേതുപോലെ നടപടികൾ വൈകരുതെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.