രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം; തമിഴ്നാട് ഗവർണർക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്രം


ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനകാര്യത്തിൽ തമിഴ്‍നാട് ഗവർണർക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാമെന്ന് കേന്ദ്ര സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചു. പ്രതികളെ മോചിപ്പിക്കാമെന്ന തമിഴ്നാട് സർക്കാർ ശുപാർശ കേന്ദ്ര സർക്കാർ തള്ളിയെങ്കിലും, ശുപാർശയിൽ തീരുമാനം കൈക്കൊള്ളാനുള്ള ഗവർണറുടെ അധികാരം മാനിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗവർണറുടെ തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് പ്രതികളിലൊരാളായ പേരറിവാളൻ നൽകിയ ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ 1991 മേയ് 21ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽടിടിഇയുടെ ചാവേർ സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിൽ 16 പേർക്ക് ജീവൻ നഷ്ടമായി. 41 പ്രതികളുണ്ടായിരുന്ന കേസിൽ 26 പേർക്കും ടാഡ കോടതി 1998 ൽ വധശിക്ഷ വിധിച്ചു. 1999ൽ മുരുഗൻ, ശാന്തൻ, പേരറിവാളൻ, നളിനി എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു.
റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരുടേത് ജീവപര്യന്തമായി കുറച്ചു. മറ്റ് 19 പേരെ വെറുതെവിട്ടു. 2000ത്തിൽ സോണിയാ ഗാന്ധിയുടെ അപേക്ഷപ്രകാരം നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി. മുരുഗൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിയതോടെ സുപ്രീംകോടതി അവരുടെ ശിക്ഷയും ജീവപര്യന്തം ആക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed