നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം: നിർണായക വിവരങ്ങൾ ചോർന്നു

ന്യൂഡൽഹി: നാവികസേനയിൽ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം. ഫേസ്ബുക്ക് വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കാണ് നിരോധനം. യുദ്ധകപ്പലുകൾക്കുള്ളിലും നേവൽ ബെയ്‌സുകളിലും ഡോക്ക് യാർഡിലും സ്മാർട്ട് ഫോണുകളും നിരോധിച്ചു. സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. നാവികസേനയുടെ ചില നിർണ്ണായക വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ചോർന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.
നാവികസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയ സംഘത്തില്‍ ഉൾപ്പെട്ട ഏഴ് നാവികസേന ഉദ്യോഗസ്ഥരെ കഴിഞ്ഞ 20തിന് വിശാഖപട്ടണത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ഹവാല ഇടപാടുകാരനും അറസ്റ്റിലായിട്ടുണ്ട്. ആന്ധ്രാപ്രദേശ് ഇന്‍റലിജന്‍സ് വിഭാഗവും കേന്ദ്ര ഇന്‍റലിജന്‍സ് വിഭാഗവും ഇതേക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്. ഇവര്‍ സോഷ്യല്‍മീഡിയ വഴിയാണ് വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നാവികസേനയുടെ നിര്‍ണായക നീക്കം.