ട്രെയിൻ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കും

തിരുവനന്തപുരം: കേന്ദ്രബഡ്‌ജറ്റിന് മുന്നോടിയായി ട്രെയിൻ ടിക്കറ്റ് ചാർജ് 10 മുതൽ 20 ശതമാനം വരെ വർദ്ധിപ്പിക്കാൻ റെയിൽവേ നീക്കം. ഫെബ്രുവരി ഒന്നിന് മുന്പ് പുതിയ നിരക്ക് നിലവിൽ വരുമെന്നാണ് സൂചന. സാധാരണ ടിക്കറ്റ് മുതൽ വിവിധ വിഭാഗങ്ങളിലുള്ള എ.സി ടിക്കറ്റുകൾക്ക് വരെ വില ഉയരും. 2014ലാണ് മുന്പ് ടിക്കറ്റ് നിരക്ക് 15 ശതമാനം കൂട്ടിയത്. കഴിഞ്ഞ വർഷങ്ങളിൽ ടിക്കറ്റ് നിരക്കിൽ നേരിട്ട് തൊടാതെ ഫ്ളെക്സി നിരക്ക്, തത്കാൽ, സുവിധ, സുവിധ സ്പെഷ്യൽ, പ്രീമിയം തത്കാൽ തുടങ്ങി വിവിധ രീതികളിലായിരുന്നു ടിക്കറ്റ് നിരക്കിൽ വ്യത്യാസം വരുത്തിയിരുന്നത്. ഇത്തവണ ടിക്കറ്റ് നിരക്ക് നേരിട്ട് കൂട്ടാനാണ് നീക്കം. യാത്രാനിരക്ക് വർദ്ധനയ്‌ക്ക് ആനുപാതികമായി ചരക്ക് നീക്ക നിരക്കിലും സീസൺ ടിക്കറ്റ് നിരക്കിലും വർദ്ധനയുണ്ടാവും. കാൻസലേഷൻ ചാർജ്, റീഫണ്ടിംഗ് എന്നിവയിലും മാറ്റം വരുത്തി കൂടുതൽ വരുമാനം കണ്ടെത്താൻ ആലോചിക്കുന്നുണ്ട്. ടിക്കറ്റ് നിരക്കിലെ വർദ്ധനയ്ക്ക് അനുസരിച്ച് ജി.എസ്.ടിയും സർവ്വീസ് ചാർജും കൂടും. അതിനാൽ യാത്രക്കാർക്ക് കൂടുതൽ ഭാരം വഹിക്കേണ്ടിവരുമെന്നത് ഉറപ്പാണ്. ട്രെയിൻ ടിക്കറ്റിന് 5 ശതമാനമാണ് ജി.എസ്.ടി. പുറമേ 4.5 ശതമാനം സർവ്വീസ് ചാർജും വരും.
വർദ്ധന നഷ്ടം നികത്താൻ പ്രതീക്ഷിച്ച സാന്പത്തിക വളർച്ച നേടാൻ കഴിയാത്തതാണ് ടിക്കറ്റ് നിരക്ക് കൂട്ടാനുള്ള തീരുമാനത്തിന് പിന്നിൽ. സപ്തംബർ 30 ന് അവസാനിച്ച അർദ്ധവാർഷിക കണക്കെടുപ്പിൽ നഷ്ടം പ്രകടമായതോടെയാണ് കടുത്ത നടപടിയിലേക്ക് കേന്ദ്രസർക്കാർ നീങ്ങുന്നതെന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. ഒക്ടോബർ ഒന്നുവരെയുള്ള ആറുമാസം 1.18 ലക്ഷം കോടി വരവും 0.97 ലക്ഷം കോടി ചിലവുമാണ് റെയിൽവേ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വരവ് 99,223 കോടിയായി കുറയുകയും ചിലവ് 1.01 ലക്ഷം കോടിയായി കൂടുകയും ചെയ്തു. ഫലം 19,412 കോടിയുടെ പ്രവർത്തന നഷ്ടം.