നന്പി നാരായണന് സർക്കാർ 1.3 കോടി നൽകും

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ ഇരയാക്കപ്പെട്ട ശാസ്‌ത്രജ്‌ഞന്‍ നന്പി നാരായണന് 1.3 കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ മന്ത്രിസഭാ തീരുമാനം. അദ്ദേഹം തിരുവനന്തപുരം സബ് കോടതിയിൽ ഫയൽ ചെയ്‌ത കേസ് ഒത്തുതീർപ്പാക്കുന്നതിന് 1.3 കോടി രൂപ നൽകണമെന്ന ശുപാർശ തത്വത്തിൽ അംഗീകരിക്കാനാണ് തീരുമാനമായത്. സുപ്രീംകോടതിയുടെ നിർദ്‍ദേശ പ്രകാരം നൽകിയ 50 ലക്ഷം രൂപയ്‌ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ശുപാർശ ചെയ്‌ത 10 ലക്ഷം രൂപയ്‌ക്കും പുറമേയാകും ഇത്. നിയമവിദഗദ്ധരുമായി ആലോചിച്ച് തയ്യാറാക്കുന്ന ഒത്തുതീർപ്പുകരാർ തിരുവനന്തപുരം സബ്‌കോടതിയിൽ സമർപ്പിക്കാനും കോടതിയുടെ തീരുമാനപ്രകാരം തുടർനടപടി സ്വീകരിക്കാനും തീരുമാനിച്ചു. നന്പി നാരായണൻ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിശോധിക്കാനും കേസ് രമ്യമായി തീർപ്പാക്കാനുമുള്ള ശുപാർശ സമർപ്പിക്കുന്നതിന് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം നൽകിയ ശുപാർശയിലാണ് മന്ത്രിസഭയുടെ തീരുമാനം.