കശ്മീരിൽ നിന്ന് കേന്ദ്ര സായുധ പോലീസ് സേനകളിലെ 7,000 ലധികം സൈനികരെ പിൻവലിക്കുന്നു

ന്യൂഡൽഹി: ജമ്മു കശ്മീരിൽ നിന്ന് കേന്ദ്ര സായുധ പോലീസ് സേനകളിലെ 7,000 ലധികം സൈനികരെ പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ഓഗസ്റ്റ് അഞ്ചിന് ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം സംസ്ഥാനത്തിന് നൽകിയ പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായി 43,000 സി.എ.പി.എഫ് സൈനികരെ വിന്യസിച്ചിരുന്നു. ഇതിൽ 72 കമ്പനി അർധ സൈനികരെയാണ് പിൻവലിക്കുന്നത്. ഇതിൽ 24 കമ്പനി സി.ആർ.പി.എഫ്, 12 കമ്പനി വീതം ബി.എസ്.എഫ്, ഐ.ടി.ബി.പി, സി.എ.പി.എഫ്, എസ്.എസ് എന്നിവർ ഉൾപ്പെടും.
ഡിസംബർ 23ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവൽ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ഗിരീഷ് ചന്ദ്ര മർമു, പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിങ് എന്നിവര്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനം.