മഹാരാഷ്ട്രയിൽ യുപിഎ– ശിവസേന സഖ്യം മുഖ്യമന്ത്രിസ്ഥാനം ശിവസേനയ്ക്ക്

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിന് സഖ്യം രൂപീകരിക്കുന്ന കാര്യത്തിൽ ശിവസേനയും കോൺഗ്രസും എൻ.സി.പിയും തമ്മിൽ ധാരണയായതായി റിപ്പോർട്ട്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുമായും (എൻ.സി.പി) കോൺഗ്രസുമായും ചേർന്ന് ശിവസേന രൂപീകരിക്കുന്ന സഖ്യ സർക്കാരിൽ ശിവസേനയ്ക്ക് തന്നെ ആയിരിക്കും മുഖ്യമന്ത്രി സ്ഥാനം ലഭിക്കുക എന്നാണ് സൂചന. കോൺഗ്രസിനും എൻ.സി.പിക്കും ഒരു ഉപമുഖ്യമന്ത്രിയെ വീതം നിയമിക്കാം.
ശിവസേന, എൻ.സി.പി, കോൺഗ്രസ് എന്നിവർക്ക് യഥാക്രമം 14, 14, 12 മന്ത്രിമാരെ ലഭിക്കും. മൂന്ന് പാർട്ടികളുടെ പൊതു മിനിമം പ്രോഗ്രാം കർഷക-യുവജന പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും, ഹിന്ദുത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് പരാമർശമില്ല. കോൺഗ്രസ് എൻ.സി.പി പാർട്ടികളുടെ നേതാക്കളായ സോണിയ ഗാന്ധിയും ശരദ് പവാറും ഈ വാരാന്ത്യത്തിൽ കൂടിക്കാഴ്ച നടത്തും. വിവാദപരമായ രണ്ട് പ്രശ്‌നങ്ങൾ ഇനിയും പരിഹരിക്കാനുണ്ട്: സവർക്കർക്ക് ഭാരതരത്ന നൽകണമെന്ന ശിവസേനയുടെ ആവശ്യം, മുസ്ലിങ്ങൾക്ക് 5 ശതമാനം സംവരണം വേണമെന്ന കോൺഗ്രസ്-എൻസിപി ആവശ്യം.
എത്ര ശ്രമിച്ചിട്ടും നിലവിലുള്ള സാഹചര്യത്തിൽ സുസ്ഥിരമായ ഒരു സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്ന് ഗവർണർ കേന്ദ്രത്തെ അറിയിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാഷ്ട്രപതി ഭരണം മഹാരാഷ്ട്രയിൽ നടപ്പാക്കിയിരുന്നു. കഴിഞ്ഞ മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ശിവസേന സഖ്യം ഭൂരിപക്ഷം നേടിയിരുന്നുവെങ്കിലും മുഖ്യമന്ത്രി സ്ഥാനം തുല്യമായി പങ്കിടണം എന്ന ശിവസേനയുടെ ആവശ്യം ബി.ജെ.പി അംഗീകരിക്കാതെ വന്നപ്പോൾ സർക്കാർ രൂപീകരണം പ്രതിസന്ധിയിൽ ആവുകയായിരുന്നു.