ആന്ധ്രാപ്രദേശില്‍ സ്‌കൂളില്‍ ചൂടുള്ള സാമ്പാര്‍ ചെമ്പില്‍ വീണ് കുട്ടി മരിച്ചു

ഹൈദരാബാദ്: സ്വകാര്യ സ്‌കൂളില്‍ യുകെജിയില്‍ പഠിക്കുന്ന ആറുവയസ്സുകാരന്‍ ചൂടുള്ള സാമ്പാര്‍ ചെമ്പില്‍ വീണ് മരിച്ചു. ആന്ധ്രാപ്രദേശിലെ കര്‍നൂളില്‍ ആണ് അപകടം സംഭവിച്ചത്. പാന്യം നഗരത്തിലെ വിജയനി കേതന്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിയായ പുരുഷോത്തം റെഡ്ഡിയാണ് മരിച്ചത്. ഉച്ചഭക്ഷണ സമയത്ത് ഓടുന്നതിനിടയില്‍ ചൂടുള്ള സാമ്പാറുള്ള ചെമ്പിലേക്ക് കുട്ടി കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ കര്‍നൂള്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വെകുന്നേരം നാലരയോടെ കുട്ടി മരിക്കുകയായിരുന്നു.
ഇന്ത്യന്‍ പീനല്‍ കോഡിന്റെ (ഐപിസി) സെക്ഷന്‍ 304 എ (അശ്രദ്ധമൂലം മരണകാരണം) പ്രകാരമാണ് സ്‌കൂള്‍ മാനേജ്മെന്റിനെതിരെ പോലീസ് കേസെടുത്തത്. ഭക്ഷണത്തിനായി കുട്ടികളെ വരിയായി കൊണ്ടു പോകുന്നതിനിടെ പുരുഷോത്തം വരി തെറ്റിച്ച് ഓടിയതാണ് അപകടത്തിന് കാരണമായതെന്നാണ് സ്‌കൂളിലെ ജോലിക്കാരി പറഞ്ഞു. കുട്ടിയുടെ മരണത്തെ തുടർന്ന് വ്യാഴാഴ്ച സ്‌കൂളിന് പുറത്ത് പ്രതിഷേധം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. സ്‌കൂള്‍ മാനേജ്മെന്റിനെതിരെ നടപടിയെടുക്കണമെന്ന് നിരവധി വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. കുട്ടി ചെമ്പില്‍ വീഴുമ്പോള്‍ സമീപത്ത് മുതിര്‍ന്നവരാരും ഉണ്ടായിരുന്നില്ല. മറ്റ് കുട്ടികളുടെ നിലവിളി കേട്ടതിനു ശേഷമാണ് ചില ഉദ്യോഗസ്ഥര്‍ ഓടിയെത്തി കുട്ടിയെ പുറത്തെടുത്തത്. ആദ്യം കുട്ടിയെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയെന്നും തുടര്‍ന്ന് സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും സ്ഥലം സി.ഐ പറഞ്ഞു.