റാഫേൽ വിമാനങ്ങൾ 2020 മേയ് മാസം മുതൽ ഇന്ത്യയിലെത്തിത്തുടങ്ങും


ന്യൂഡൽഹി: റാഫേൽ വിമാനങ്ങൾ 2020 മേയ് മാസം മുതൽ ഇന്ത്യയിലെത്തിത്തുടങ്ങും. വിദഗ്ദ്ധ പരിശീലനത്തിനായി അധികം വൈകാതെ വ്യോമസേനയുടെ പൈലറ്റുമാർ ഫ്രാൻസിലേക്ക് പോകും. കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ‌ബെഞ്ച് റാഫേൽ യുദ്ധവിമാനക്കരാറുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹ‌ർജികൾ തള്ളിയത്.
സേനയുടെ സ്‌ക്വാഡ്രൺ ശേഷി 41 ആണെന്നിരിക്കെ നിലവിൽ 31 ഫൈറ്റർ സ്‌ക്വാഡ്രണുകളാണ് സേനയ്ക്കുള്ളത്. 18 യുദ്ധവിമാനങ്ങളാണ് ഒരു സ്‌ക്വാഡ്രണിലുള്ളത്. അതേസമയം, ഇന്നലെ സുപ്രീം കോടതിയുടെ പച്ചക്കൊടി ലഭിച്ചതോടെ റാഫേൽ വിമാനങ്ങൾ സേനയുടെ ഭാഗമാകുന്നതിനുള്ള അവസാന തടസവും മാറിയിരിക്കുകയാണ്. അയൽ രാജ്യങ്ങളായ പാകിസ്ഥാന്റെയും ചൈനയുടെയും ഭീഷണി പൂർണമായും പ്രതിരോധിക്കാൻ റാഫേൽ വരുന്നതോടെ സാധിക്കും.
പാകിസ്ഥാന്റെ കൈവശമുള്ള എഫ് 16നെ അപേക്ഷിച്ച് കരുത്തിലും വളരെയേറെ മുന്നിലാണ് റാഫേൽ. അതിനാൽത്തന്നെ റാഫേലിനെയും വിദഗ്ദ പരിശീലനം നേടാൻ പോകുന്ന സേനയേയും പേടിച്ച് ഇമ്രാൻ ഖാനും പാക് പട്ടാളവും നന്നായി വിയർക്കുമെന്നതിൽ സംശയമില്ല.
ഇന്നലെയാണ് റാഫേൽ യുദ്ധവിമാനക്കരാറിൽ നരേന്ദ്രമോദി സർക്കാരിനെതിരായ അഴിമതി ആരോപണത്തിൽ സ്വതന്ത്രാന്വേഷണം തള്ളിയ ഡിസംബർ 14ന്റെ വിധി പുനഃപരിശോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളിയത്. 36 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള 58,000 കോടി രൂപയുടെ കരാറിനെതിരെ കേസെടുക്കണമെന്ന ആവശ്യവും ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്‌റ്റിസുമാരായ എസ്.കെ. കൗൾ, കെ. എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed