സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ട്രക്കിടിച്ച് ഗുരുതരപരിക്ക്

ചെന്നൈ: കൊടിമരത്തില്‍ വാഹനം ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ വേഗത്തില്‍ വരികയായിരുന്ന ട്രക്കിന്‍റെ മുമ്പിലെ ടയര്‍ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ ട്രക്കിടിച്ച് യുവതിക്ക് ഗുരുതരപരിക്ക്. എ.ഐ.എ.ഡി.എം.കെയുടെ താഴെ വീണ കൊടിമരത്തില്‍ വാഹനം ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കോയമ്പത്തൂരിലെ ദേശീയപാതയിലാണ് അപകടമുണ്ടായത്. 30 കാരിയായ അനുരാധ രാജേശ്വരിയാണ് അപകടത്തില്‍ പെട്ടത്. വേഗത്തില്‍ വരികയായിരുന്ന ട്രക്കിന്‍റെ മുമ്പിലെ ടയര്‍ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കാലുകള്‍ക്ക് ഗുരുതര പരിക്കേറ്റ രാജേശ്വരിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. ഓഫീസിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. കുടുംബത്തിന്‍റെ ഏക അത്താണിയാണ് രാജേശ്വരിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതേ ട്രക്ക് തന്നെ നേരത്തേ ഒരു സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിരുന്നു. കോയമ്പത്തൂരിലെത്തുന്ന മുഖ്യമന്ത്രി ഇ പളനിസ്വാമിയെ സ്വീകരിക്കാന്‍ വേണ്ടി അവിനാസി ദേശീയപാതയില്‍ സ്ഥാപിച്ച കൊടിമരം വീണത് കാരണമാണ് അപകടമുണ്ടായതെന്നും പോലീസ് ഇത് മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും രാജേശ്വരിയുടെ ബന്ധുക്കള്‍ പറഞ്ഞു. നേരത്തേ എ.ഐ.എ.ഡി.എം.കെ നേതാക്കളുടെ ചിത്രമുള്ള വിവാഹവിളമ്പര ബോര്‍ഡ് പൊട്ടി വീണ് ടെക്കി യുവതി മരിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. റോഡരികില്‍ ഫ്ലക്സ്ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് അപകടങ്ങള്‍ പതിവാകുന്നത്.