മഹത്തായ അധ്യായത്തിന് അന്ത്യമായി; സുഷമ സ്വരാജിന് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അദ്ധ്യായത്തിനാണ് അന്ത്യമായതെന്ന് സുഷമ സ്വരാജിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം. ജനനന്‍മയ്ക്കായും പാവപ്പെട്ടവരുടെ ഉന്നമനത്തിനായും ജീവിതം മാറ്റിവച്ച നേതാവിന്‍റെ മരണത്തില്‍ രാജ്യം ദുഖിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായിരുന്നു സുഷമ സ്വരാജെന്നും പ്രധാനമന്ത്രി കുറിച്ചു.
നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. രാജ്യത്തിന് നഷ്ടമായത് ധീരയായ ഒരു നേതാവിനെയാണെന്നാണ് രാഷ്ട്രപതി അനുശോചന സന്ദേശത്തില്‍ പറഞ്ഞത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം സുഷമയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തിയിരുന്നു.
ബി.ജെ.പി മുതിർന്ന നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് ഹൃദയാഘാതെ തുടർന്നാണ് ദില്ലിയില്‍ അന്തരിച്ചത്. കുറച്ച് നാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. 2016ൽ സുഷമ വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം സുഷമ വിട്ടുനില്‍ക്കുകയായിരുന്നു.
നാല് ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നു സുഷമ.1996,1998,1999 വാജ്പേയ്, 2014 നരേന്ദ്ര മോദി മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകൾ കൈകാര്യം ചെയ്തു. പതിനഞ്ചാം ലോക്സഭയിൽ പ്രതിപക്ഷനേതാവായി. മൂന്നു തവണ രാജ്യസഭയിലേക്കും നാലു തവണ ലോക്സഭയിലേക്കും സുഷമ സ്വരാജ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീം കോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു സുഷമയുടെ ഭർത്താവ്. രാജ്യസഭയിൽ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്. ബൻസൂരി ഏക പുത്രി.

