നരഹത്യാ കുറ്റം നിലനിൽക്കും: ശ്രീറാമിന്‍റെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിലേക്ക്


തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കാറിടിച്ചു മരിച്ച സംഭവത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ ഹൈക്കോടതിയിലേക്ക്. മജിസ്ട്രേറ്റ് കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ ഇന്ന് അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.  മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സർക്കാർ അപ്പീൽ നൽകുന്നത്.

ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെങ്കിലും നരഹത്യാകുറ്റം നിലനിൽക്കുമെന്നാണ് സർക്കാർ വാദം. ഈ കേസിൽ മജിസ്ട്രേറ്റ് കോടതിക്ക് ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്ന വാദം ഉയർത്തിയാകും സർക്കാർ ഹൈക്കോടതിയെ സമീപിക്കുക. അതേസമയം, പോലീസ് വീഴ്ചയെ തുടർന്നാണു ശ്രീറാം വെങ്കിട്ടരാമനു ജാമ്യം ലഭിച്ചതെന്നാണു പ്രധാന ആരോപണം. അപകടം നടന്ന് ഒന്പത് മണിക്കൂറിനു ശേഷം ശേഖരിച്ചു പരിശോധിച്ച രക്ത സാന്പിളിൽ മദ്യത്തിന്‍റെ അംശമില്ലെന്ന് ഫലം വന്നതോടെ ശ്രീറാമിന് ജാമ്യം ലഭിക്കുന്നത് എളുപ്പമായി.  

അപകടത്തിന് ശേഷം ശ്രീറാമിനെ കേസിൽ നിന്നും രക്ഷിക്കാൻ നിരവധി ഇടപെടലുകളാണ് പോലീസ്− ഉദ്യോഗസ്ഥ തലങ്ങളിൽ നടന്നത്. പരിശോധനയ്ക്കായി രക്തമെടുത്തത് വൈകിയാണെന്നും മദ്യം മണക്കുന്നുവെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ കുറിച്ചതുമുൾപ്പെടെയുള്ള കാര്യങ്ങൾ കോടതിയിൽ അവതരിപ്പിക്കാൻ പ്രോസിക്യൂഷനായിരുന്നില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed