കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം; സുഷമാ സ്വരാജിന്റെ സംസ്ക്കാരം വൈകിട്ട് ഡൽഹിയിൽ


ന്യൂഡൽഹി: അന്തരിച്ച മൂന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുഷമാ സ്വരാജിന്റെ സംസ്ക്കാരം വൈകിട്ട് മൂന്നു മണിക്ക്. പൂര്‍ണ്ണ ഒൗദ്യോഗിക പൂര്‍ണ്ണ ബഹുമതിയോടെ ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍ നടക്കും. ഭൗതിക ശരീരം രാവിലെ 11 വരെ ഡല്‍ഹിയിലെ വീട്ടിലും 12 മുതൽ ബിജെപി ആസ്ഥാനത്തും പൊതുദർശനത്തിന് വെക്കും. പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്ത് അന്ത്യാഞ്ജലി അര്‍പ്പിക്കും. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസ് അശുപത്രിയിൽ രാത്രി 10.50ഓടെ ആയിരുന്നു അന്ത്യം. രാത്രി 10.20 ഓടെയാണ് സുഷമാ സ്വരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ എൻ.ഡി.എ സർക്കാറിൽ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഈ വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ സുഷമ സ്വരാജ് മത്സരിച്ചിരുന്നില്ല. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു യുഗത്തിന്റെ അന്ത്യമെന്നായിരുന്നു സുഷമാ സ്വരാജിന്റെ മരണത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. ഹരിയാനയിലെ അംബാലയിൽ 1953 ഫെബ്രുവരി 14ന് ഹർദേവ് ശർമയുടെയും ലക്ഷ്മി ദേവിയുടെയും മകളായാണ് ജനനം. എ.ബി.വി.പിയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ സുഷമ അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭപരിപാടികളിൽ പങ്കെടുത്തു.

1980ൽ ജനതാ പാർട്ടിയിൽ നിന്ന് ജനസംഘ വിഭാഗം പിരിഞ്ഞ് ബിജെപി രൂപീകരിച്ചതു മുതൽ സുഷമ പാർട്ടിയിൽ സജീവമാണ്. പാര്‍ലമെന്റില്‍ ഏഴു തവണ എത്തിയിട്ടുള്ള സുഷമാ സ്വരാജ് 25ആം വയസ്സിൽ ഹരിയാനയിൽ മന്ത്രിയായി. കേന്ദ്രത്തില്‍ ഇന്ദിര ഗാന്ധിക്കുശേഷം വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ വനിതയെന്ന ഖ്യാതിയും സുഷമയ്ക്കാണ്. ബിജെപിയ്ക്കൊപ്പം വിദേശകാര്യം സമര്‍ത്ഥമായി കൈകാര്യം ചെയ്ത് ഇന്ത്യന്‍ വിദേശകാര്യ വകുപ്പിനെ ലോകശ്രദ്ധയിലേക്ക് നയിച്ച നേതാവാണ് സുഷമാ സ്വരാജ്. വിദേശത്തിന് മുമ്പ് ആരോഗ്യമന്ത്രി, വാർത്തവിതരണ-പ്രക്ഷേപണ മന്ത്രി, വാർത്തവിനിമയ മന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഒരു ദേശീയ പാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന ബഹുമതിയും സുഷമയ്ക്കാണ്.

അതേസംമയം സുഷമസ്വരാജ് അന്തരിക്കുന്നതിനു മണിക്കൂറുകൾ മുൻപ് ഇന്നലെ ചെയ്ത അവസാന ട്വീറ്റ് കശ്മീരിന്റെ പ്രത്യേകപദവി എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണ്. ‘ജീവിതകാലം മുഴുവൻ ഈ ദിനത്തിനായി കാത്തിരുന്നു, പ്രധാനമന്ത്രിക്കു നന്ദി’–ഇതായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം. കേന്ദ്ര സർക്കാരിനെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രശംസിച്ചുള്ള മറ്റു മൂന്നു ട്വീറ്റുകളും ഇന്നലെ സുഷമയുടെ അക്കൗണ്ടിൽ നിന്നുണ്ടായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed