ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ‍ നിന്ന് പുറത്താക്കി


വയനാട്:  കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റർ‍ ലൂസി കളപ്പുരയെ സഭയിൽ‍ നിന്ന് പുറത്താക്കി. മെയ് 11ന് ഡൽഹിയിൽ ചേർ‍ന്ന ജനറൽ‍ കൗൺസിൽ യോഗത്തിലായിരുന്നു തീരുമാനം. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിൽ‍ നിന്നാണ് ലൂസി കളപ്പുരയെ പുറത്താക്കിയത്. 

കാനോൻ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങൾ‍ ലൂസി കളപ്പുര ലംഘിച്ചതായി കാണിച്ച് കത്തോലിക്ക സഭ നേരത്തെ നോട്ടീസ് നൽ‍കിയിരുന്നു. കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടർച്ചയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാർ വാങ്ങി, ശന്പളം മഠത്തിലേക്ക് നൽകിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യ ചിലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ലൂസി കളപ്പുരയ്‍ക്കെതിരെ സഭ ഉന്നയിച്ചിരുന്നത്.

ലൂസി കളപ്പുരയ്ക്ക് നൽ‍കിയ കാരണം കാണിക്കൽ നോട്ടീസിൽ‍ സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നൽ‍കുന്നതിൽ‍ സിസ്റ്റർ‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നൽ‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം നിരസിച്ചു തുടങ്ങിയവയാണ് പുറത്താക്കലിന് കാരണമായി സഭ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റർ പ്രതികരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed