മണ്ണിടിച്ചിൽ; കൊങ്കൺ പാതയിൽ തീവണ്ടിഗതാഗതം തടസ്സപ്പെട്ടു


മുംബൈ: മുംബൈയിൽ കനത്തമഴ തുടർച്ചയായി മൂന്നാംദിവസത്തിലേക്ക് നീണ്ടപ്പോൾ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ജനജീവിതം ദുരിതപൂർണമായി. മണ്ണിടിച്ചിൽ ഉണ്ടായ കൊങ്കൺ പാതയിൽ തീവണ്ടിഗതാഗതം തടസ്സപ്പെട്ടു. പലയിടത്തായി പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണ് മുംബൈയിലേക്കുള്ള മൂന്നു തീവണ്ടിപ്പാതകളും അടഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കി. 
പനവേൽ, റോഹ സ്റ്റേഷനുകൾക്കിടയിൽ ജിതെ സ്റ്റേഷനുസമീപം മണ്ണിടിഞ്ഞതിനെത്തുടർന്നാണു കൊങ്കൺ പാതയിലൂടെയുള്ള ഗതാഗതം നിലച്ചത്. നാഗോത്താനെ സ്റ്റേഷനുസമീപം അംബ പാലത്തിലെ പാളങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെ പ്രശ്നം രൂക്ഷമായി. അതോടെ കൊങ്കൺ പാത പൂർണമായി അടഞ്ഞു.
കല്യാൺ, ഇഗത്പുരി സ്റ്റേഷനുകൾക്കിടയിൽ പാളത്തിലേക്ക് പാറവീണതോടെ നാസിക് ഭാഗത്തേക്കുള്ള ഗതാഗതവും നിലച്ചു. കല്യാൺ-കർജത്ത് മേഖലയിൽ ഷെലുവിലും വാംഗണി-നെരൽ സ്റ്റേഷനുകൾക്കിടയിലും പാളത്തിനടിയിൽനിന്ന് മണ്ണൊലിച്ചുപോയതോടെ പുണെ-മുംബൈ പാതയിലെ ഗതാഗതവും തടസ്സപ്പെട്ടു. രാവിലെ പതിനൊന്നോടെയാണ് കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞത്. വൈകീട്ട് നാലോടെ മണ്ണുമാറ്റിയശേഷമാണു രാജധാനി എക്സ്പ്രസ് മുന്നോട്ടുപോയത്. എന്നാൽ, നാഗോത്താനയിലെ വെള്ളം ഒഴുകിപ്പോകാത്തതുകാരണം പാത അടഞ്ഞുതന്നെ കിടന്നു. ഈ പാതയിലൂടെ ഓടേണ്ട മറ്റു വണ്ടികളെല്ലാം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടത് യാത്രക്കാരെ ദുരിതത്തിലാക്കി. ഡൽഹിയിൽ നിന്നുവന്ന മംഗള എക്സ്പ്രസ് ഇഗത്പുരിയിൽ നിന്നു മൻമാഡ്, ദൗണ്ട് വഴി തിരിച്ചുവിട്ടു. കന്യാകുമാരിയിൽ നിന്നു മുംബൈയിലേക്ക് പുറപ്പെട്ട ജയന്തി ജനത മൻമാഡ്-ഇഗത്പുരി-കല്യാൺ വഴിയാണു വിട്ടത്. നിസാമുദ്ദീൻ-എറണാകുളം തുരന്തോ സൂറത്തിൽനിന്ന് ജൽഗാവ്-കട്പാടിവഴിയാണ് ഓടിയത്. തിരുവനന്തപുരത്തുനിന്നു മുംബൈയിലേക്കുള്ള പ്രതിവാരവണ്ടി ദൗണ്ടിൽ യാത്ര അവസാനിപ്പിച്ചു. പുണെയിൽനിന്ന് റണാകുളത്തേക്കുള്ള വണ്ടി ഇന്നലെ റദ്ദാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed