മരടിലെ അ‌ഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങളും പൊളിക്കില്ല, ആറാഴ്‌ചത്തേക്ക് തൽസ്ഥിതി തുടരാൻ സുപ്രീംകോടതി


ന്യൂഡൽഹി: മരടിലെ അ‌ഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങളും പൊളിക്കണമെന്ന കാര്യത്തിൽ ആറാഴ്ചത്തേക്ക് തൽസ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഇന്ദിരാബാനർജി അദ്ധ്യക്ഷയായ ബഞ്ചിന്റേതാണ് ഉത്തരവ്. ഫ്ലാറ്റുകളിലെ 32 താമസക്കാർ നൽകിയ ഹർജിയിലാണ് നടപടി. മരട് മുനിസിപ്പാലിറ്റിയിൽ തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കാനുള്ള വിധി റദ്ദാക്കണമെന്ന ആവശ്യവുമായി ആൽഫാ സെറീൻ അപ്പാർട്ട്‌മെന്റിലെ താമസക്കാർ സുപ്രീംകോടതി അവധിക്കാല ബെഞ്ചിനെ സമീപിച്ചിരുന്നു.

അപ്പാർട്ട്‌മെന്റുകൾ പൊളിക്കാൻ സുപ്രീംകോടതി നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ആൽഫാ സെറീനിലെ 32 താമസക്കാർ നൽകിയ റിട്ട് ഹർജി ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, അജയ് രസ്‌തോഗി എന്നിവർ അംഗങ്ങളായ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കോടതി വിധി സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ഹർജിക്കാർ പറഞ്ഞിരുന്നു. തങ്ങളുടെ ഭാഗം കേട്ടിട്ടില്ല. വിധി അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണ്. ഫ്ളാറ്റുകൾ വാങ്ങി കരം അടച്ചപ്പോൾ നിയമ വിരുദ്ധമെന്ന് പറഞ്ഞിരുന്നില്ല. തങ്ങളെ കേസിൽ കക്ഷി ചേർക്കാൻ പരാതിക്കാരായ തീരദേശ അതോറിട്ടി തയ്യാറായില്ല. അപ്പാർട്ട്‌മെന്റുകൾ സ്ഥിതിചെയ്യുന്ന സി.ആർ സോൺ രണ്ടിൽ തീരദേശ അതോറിട്ടിയുടെ അനുമതി ആവശ്യമില്ലെന്നുമായിരുന്നു ഇവരുടെ വാദം.

ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം, ആൽഫ സെറീൻ എന്നീ അപ്പാർട്ട്‌മെന്റുകൾ ഒരു മാസത്തിനുള്ളിൽ പൊളിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു സുപ്രീംകോടതി വിധി. നൂറോളം കുടുംബങ്ങൾ താമസിക്കുന്ന അപ്പാർട്ട്‌മെന്റുകൾ പൊളിക്കാൻ മദ്രാസ് ഐ.ഐ.ടിയുടെ സാങ്കേതിക സഹായം സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചിരുന്നു.

You might also like

  • Straight Forward

Most Viewed